മുളിയാർ കോട്ടൂർ പാത്തനടുക്കത്ത് കിണറിന്റെ മണ്ണിടിഞ്ഞു,അപകടത്തിൽ പെട്ട തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു

 മുളിയാർ 

കോട്ടൂർ പാത്തനടുക്കത്ത് കിണർ നിർമാണത്തിനിടയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ പെട്ടയാളെ അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പത്തനടുക്കത്തെ കരുണാകരന് വേണ്ടി നിർമിക്കുന്ന 15 മീറ്റർ ആഴമുള്ള കിണറിൽ ജോലി ചെയ്യുമ്പോൾ അപകടത്തിൽ പെട്ട ചറോളി മൂലയിലെ ഗോപിനാഥനെയാണ്‌ രക്ഷപ്പെടുത്തിയത്‌. കൂടെയുണ്ടായിരുന്ന പ്രകാശന്‌ പരിക്കില്ല.  

കിണറിൽ ഇറങ്ങി പണി തുടങ്ങവേ പകൽ പത്തോടെ മണ്ണിടിഞ്ഞു വീണത് ഗോപിനാഥന്റെ ശരീരത്തിലായിരുന്നു.  കാലിന്‌ സാരമായി പരിക്കേറ്റതോടെ കയറാൻ കഴിയാതായി. വീണ്ടും മണ്ണിടിയാനുള്ള സാധ്യത കണ്ടാണ്‌   സേനയുടെ സഹായം തേടിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി ജി ജീവൻ കിണറ്റിൽ ഇറങ്ങി. സ്‌ട്രെച്ചറിൽ  കിടത്തി പുറത്തെത്തിച്ചു. വിജയനും സഹായിച്ചു. നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗോപിനാഥൻ. അസി. സ്റ്റേഷൻ ഓഫീസർ കെ ബി ജോസ്,    പ്രവീൺ കുമാർ, മുഹമ്മദ്‌ ഷഹാദ്, രാരിഷ്, സജു നാരായണൻ , ഷംനാദ്, ശരത്ത്ചന്ദ്രൻ , എസ് സൂരജ്, സുധീഷ്, അജേഷ് , ഹോം ഗാർഡുമാരായ ബാലചന്ദ്രൻ, ലിംനിത്ത് എന്നിവരാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.


Previous Post Next Post
Kasaragod Today
Kasaragod Today