കാസർകോട്: കൂട്ടികൊണ്ടുപോകാനോ പരിചരിക്കാനോ ആളില്ലാത്തതിന്റെ പേരിൽ കൊവിഡ് നെഗറ്റീവ് ആയിട്ടും പോസിറ്റീവായവർക്കൊപ്പം താമസിക്കുന്ന വൃദ്ധന് താമസസൗകര്യമൊരുക്കാൻ മനുഷ്യാവകാശകമ്മിഷൻ ഉത്തരവിട്ടു. കാസർകോട് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുന്ന സ്വന്തം പേരും നാടും ഓർമ്മയില്ലാത്ത വൃദ്ധന്റെ ദൈന്യത സോഷ്യൽ മീഡിയ വഴി അറിഞ്ഞാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ടത്.ഇയാളെ അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കാസർകോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്. ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ ബദിയടുക്കയിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവായെങ്കിലും ആരും കൂട്ടികൊണ്ടുപോയില്ല. ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം തന്റെ വീട് ചെറുവത്തൂരാണെന്നും പള്ളിക്കരയാണെന്നും മാറി മാറി പറയുന്നുണ്ട്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയ്ക്കായി എത്തിച്ച ആളെക്കുറിച്ചും വിവരമില്ല. ആശുപത്രിയിൽ എത്തിച്ചയാൾ പിന്നീട് ബന്ധപ്പെട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.
കൊവിഡ് നെഗറ്റീവായിട്ടും താമസം പോസിറ്റീവുകാർക്കൊപ്പം, വൃദ്ധന് താമസ സൗകര്യമൊരുക്കാൻ കാസർകോട് ജില്ലാ സാമൂഹികനീതി ഓഫീസർക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
mynews
0
