'ഗ്രൂപ്പ് രാഷ്‌ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു; കേരളത്തിലെ പ്രവര്‍ത്തകര്‍ തരിപ്പണമായി' ശക്തമായ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്‌ട്രീയം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തെന്ന് കാസര്‍കോട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 'കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ട എന്ന് കരുതിയാണ് ഇത്രനാള്‍ മിണ്ടാതിരുന്നത്.' ഉണ്ണിത്താന്‍ പറഞ്ഞു.


കോണ്‍ഗ്രസിന് സമസ്‌ത മേഖലകളിലും മാ‌റ്റം അനിവാര്യമാണ്. പക്ഷെ പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം. ഇത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥതയുമുള‌ള പുതു തലമുറ വളര്‍ന്നുവന്നില്ലെങ്കില്‍ കേരളത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കും ഉമ്മഴചാണ്ടിയെന്ന് ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടിയില്‍ ഗുണപരമായ മാ‌റ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകമുണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സ്വയം മാ‌റ്റത്തിന് എല്ലാവരും വിധേയരാകണം.


തിരഞ്ഞെടുപ്പിന് ശേഷം രണ്ടാഴ്‌ച പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്. എല്ലാവരുടെയും പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും അവകാശപ്പെടുന്നുണ്ട്. ഹൈക്കമാന്റ് പ്രതിനിധികളെത്തിയിട്ടും പ്രശ്‌ന പരിഹാരം സാദ്ധ്യമായിട്ടില്ല. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി കടുത്ത സമ്മ‌ര്‍ദ്ദം കേന്ദ്ര നേതൃത്വത്തില്‍ ചെലുത്തുന്നുണ്ട്. എന്നാല്‍ യുവ എം.എല്‍.എമാര്‍ക്ക് ഉള്‍പ്പടെ ഇക്കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ട്.


പ്രതിപക്ഷ നേതാവിന് പുറമേ പാര്‍ട്ടി അദ്ധ്യക്ഷനെ മാ‌റ്റാനും തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ഇത് പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന സംഘടനാപരമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഈ പ്രശ്‌നങ്ങളിലെ ശക്തമായ അമര്‍ഷമാണ് ഉണ്ണിത്താന്‍ ഉള്‍പ്പടെ പല മുതിര്‍ന്ന നേതാക്കളും പ്രതികരിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today