കാസർകോട്: പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന ഒരു കുഴിയുടെ കഥയാണ് കാസർകോട് പ്രസ് ക്ലബ്ബ് കവലയിലുള്ളത്. ഇരുചക്രവാഹനങ്ങളെ നിരന്തരം വീഴ്ത്തിയിരുന്ന കുഴിയടച്ചത് കഴിഞ്ഞ ബുധനാഴ്ച. എന്നാൽ കൃത്യം നാലുദിവസം പിന്നിട്ടപ്പോൾ കുഴി വീണ്ടും പഴയപടി. ഒറ്റവത്യാസം മാത്രം, പഴയതിലും വലുതായാണ് ഇത്തവണ കുഴിയുടെ തിരിച്ചുവരവ്. അടർന്നുമാറിയ അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന അപകടാവസ്ഥ വേറെയും.
പ്രസ്‌ക്ലബ്ബ് കവലയിലെ സിഗ്നൽ ലൈറ്റുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ട വലിയ കുഴികൾ ഇരുചക്രവാഹനങ്ങളെ വീഴ്ത്താൻ വില്ലനായിരുന്നു. കുഴിയിൽ വീണ് ചെറുകാറുകളുടെ അടിവശം നിലത്തുരഞ്ഞ് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു. ഇതേത്തുടർന്ന് മാതൃഭൂമി കുഴിയുടെ ചിത്രം സഹിതം വാർത്ത നല്കുകയും ചെയ്തിരുന്നു.വാർത്ത പ്രസിദ്ധീകരിച്ചയുടൻ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കുഴികളടച്ചിരുന്നു. മഴക്കാലത്തും റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്ന റെഡിമിക്‌സ് ടാറിങ് മിശ്രിതം ഉപയോഗിച്ചാണ് കുഴിയടച്ചത്. വാഹനങ്ങൾ കയറി ടാർ ഇളകിമാറാതിരിക്കാൻ പ്ലാസ്റ്റിക് ആവരണവും പതിപ്പിച്ചിരുന്നു. നാലുദിവസം വാഹനം ഓടിയപ്പോഴേക്കും കുഴിയടയ്ക്കാനുപയോഗിച്ച ടാറിങ് മിശ്രിതം ഇളകിമാറി. ഇളകിമാറിയ അവശിഷ്ടങ്ങൾ കുഴിക്ക് സമീപമായി കിടക്കുന്നുണ്ട്. സിഗ്നലിൽനിന്ന് വാഹനങ്ങൾ വേഗത്തിൽ വരുമ്പോൾ ചെറിയ കല്ലുകൾ സമീപത്തേക്ക് തെറിക്കുന്നുമുണ്ട്.
വീണ്ടും രൂപപ്പെട്ട കുഴി ചന്ദ്രഗിരിപ്പാലം, പുതിയ ബസ്‌സ്റ്റാൻഡ്, പഴയ ബസ്‌സ്റ്റാൻഡ്, ബാങ്ക് റോഡ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറയുന്നതും ടാറിങ് അവശിഷ്ടങ്ങൾ ഒഴുകിമാറുന്നതും ഇവിടത്തെ അപകടാവസ്ഥ കൂട്ടുന്നുണ്ട്.