മുപ്പത് വയസിനു മുകളില്‍ പ്രായമുള്ള സ്വന്തമായി അഭിപ്രായമുള്ള ഫെമിനിസ്റ്റ് യുവതിക്ക് വരനെ തേടുന്ന പത്ര പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരസ്യത്തിലെ ആവശ്യങ്ങളാണ് വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്. ബിസിനസ്സും 20 ഏക്കര്‍ സ്ഥലവുമുള്ള ആളായിരിക്കണം വരന്‍. ഡിമാന്‍ഡ് തീര്‍ന്നില്ല പാചകവും അറിയണം. 25-28 വയസ്സുള്ള ഏക മകനായ സുന്ദരന്‍മാരില്‍ നിന്നു മാത്രമാണ് വിവാഹ ആലോചന തേടുന്നത്.
പ്രമുഖ ദേശിയ പത്രത്തില്‍ വന്ന വിവാഹപരസ്യം മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. ബോളിവുഡിലെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇത് പങ്കുവെച്ചു. ഇപ്പോള്‍ വിവാഹകപരസ്യത്തിനു പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്.
ബിബിസി ഇന്ത്യയാണ് പരസ്യത്തിനൊപ്പം നല്‍കിയ ഇമെയില്‍ ഐഡി ഉപയോഗിച്ച്'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയത്.
സാക്ഷി എന്ന യുവതിക്കു വേണ്ടിയായിരുന്നു പരസ്യം. സാക്ഷിയുടെസഹോദരന്‍ ശ്രിജനും ഉറ്റസുഹൃത്ത് ദമയന്തിയുമാണ് ഈ പരസ്യത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പേരാണെന്നു കരുതേണ്ട. യഥാര്‍ത്ഥ പേരുകള്‍ പുറത്തുവന്നാല്‍ സൈബര്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ പേരുകള്‍ മാറ്റിയാണ് ഇവര്‍ പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാക്ഷിയുടെ മുപ്പതാം ജന്മദിനത്തിന് സഹോദരനും സുഹൃത്തും ചേര്‍ന്ന് നല്‍കിയ തമാശയായിരുന്നു പരസ്യം.
കോവിഡ് ഇല്ലായിരുന്നെങ്കില്‍ പിറന്നാള്‍ ആഘോഷത്തിനായി ചെലവഴിക്കേണ്ടിയിരുന്ന 13,000 രൂപയാണ് ഇവര്‍ പരസ്യത്തിനായി മുടക്കിയത്. ഇന്ത്യയിലെ പന്ത്രണ്ടോളം പ്രദേശങ്ങളില്‍ ഈ പരസ്യം ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യത്തിന് പ്രതികരണവുമായി നൂറോളം ഇമെയിലുകള്‍ ഇതുവരെ ലഭിച്ചു. ഇതില്‍ ചിലത് രസകരമായതും മറ്റു ചിലത് വളരെ മോശവുമാണ്.