ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടനയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും അപ്രതീക്ഷിത രാജി. നിയമ-ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറുമാണ് അവസാന നിമിഷം രാജിവെച്ചാഴിഞ്ഞത്.
വൈകിട്ട് ആറ് മണിക്കാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ പുന:സംഘടന. ആരോഗ്യമന്ത്രി ഹര്‍ഷ വധര്‍ന്റെയും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന്റെയും രാജി അപ്രതീക്ഷിതമായിരുന്നു. രാജിവെച്ച മറ്റ് മന്ത്രിമാര്‍: അശ്വിനി കുമാര്‍ ചൗബേ, സന്തോഷ് ഗങ്ഗാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ ലാല്‍ കടാരിയ, പ്രതാപ് സാരാംഗി.
മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയണ്. മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണ്. വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണ്. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ചൈന നമ്മുടെ ഭൂമി കൈയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ജമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.