ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കുമെന്ന് സൂചന. പകരം ശശി തരൂരിനെയോ മനീഷ് തിവാരിയെയോ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് കേള്‍ക്കുന്നത്.
പാര്‍ലമെന്റ് സമ്മേളിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേ, പ്രതിപക്ഷത്തെ ശക്തമാക്കാന്‍
തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായും അടുക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് അധീറിനെ
മാറ്റുന്നതെന്നാണ് വിലയിരുത്തല്‍. മമത ബാനര്‍ജിയുടെ നിശിത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരി ബംഗാളിലെ ബഹറംപൂര്‍ ലോക്സഭ എം.പിയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാള്‍ സര്‍ക്കാരിനെതിരെയും നിരന്തരം വെടിയുതിര്‍ക്കുന്ന അധീറിനെ മാറ്റുന്നത് വഴി മമതയുമായി കൈകോര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂലിന്റെ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി തലവന്‍ കൂടിയായ അധീര്‍ തീപ്പൊരി നേതാവും സോണിയയുടെ വിശ്വസ്തനുമാണ്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ന്റെ ഭാഗമാണ് തരൂരും തിവാരിയും. ഇവരിലൊരാളെ പരിഗണിച്ചാല്‍ ജി 23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാമെന്നും കരുതുന്നു. മനീഷ് തിവാരിയെ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.