കാസര്‍കോട്: ഉദുമയില്‍ നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അന്‍വറിനെ കര്‍ണ്ണാടക ഹാസന്‍ പൊലീസ് സഹായത്തോടെ ബേക്കല്‍ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തിയെങ്കിലും പ്രതികളെല്ലാം മുങ്ങി. രക്ഷപ്പെട്ട പ്രതികളെല്ലാം കര്‍ണാടകയില്‍ തന്നെയുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. ഹാസനില്‍ നിന്ന് ബുധനാഴ്ച രാത്രി ബേക്കലില്‍ എത്തിച്ച അന്‍വറില്‍ നിന്ന് ബേക്കല്‍ പൊലീസ് മൊഴിയെടുക്കുകയാണ്.
ഉദുമ പള്ളത്തെ കോടംകൈ ലോഡ്ജില്‍ താമസിക്കുകയായിരുന്ന അന്‍വറിനെ ബുധനാഴ്ച പുലര്‍ച്ചെ 12.15 മണിക്കാണ് പന്ത്രണ്ടോളം വരുന്ന സംഘം കത്തി കാണിച്ചു കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, കൂടെയുണ്ടായിരുന്ന സുഹൃത്ത് നാസറിന്റെ ഹുണ്‍ഡായ് ക്രേറ്റ കാറില്‍ തട്ടി കൊണ്ടുപോയത്, 8000 രൂപയും രണ്ടു മൊബൈല്‍ ഫോണും സംഘം പിടിച്ചുപറിച്ച കൊണ്ടുപോവുകയും ചെയ്തു സംഭവത്തില്‍ രാവിലെ ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപിപ്പിക്കുകയും അന്‍വറിനെ തട്ടികൊണ്ട് പോയ കാര്‍ കര്‍ണാടകയിലെ ഹാസന്‍ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു, തുടര്‍ന്ന് ജില്ല പൊലീസ് മേധാവി പി.ബി രാജീവിന്റെ നിര്‍ദ്ദേശ പ്രകാരം, ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. രാജീവന്‍, ജോണ്‍, എ.എസ്.ഐ അബൂബക്കര്‍, സി.പി.ഒ ദീപക്, നിശാന്ത്, സജിത്ത്, വിജയന്‍ എന്നവര്‍ ഹാസനിലേക്ക് തിരിച്ചു.
കാസര്‍കോട് എസ്.പി. വിവരം നല്‍കിയതിനെ തുടര്‍ന്ന് ഹാസന്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിശാന്തിനി, ഗുരുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാസന്‍ പൊലീസിന്റെ സഹായത്താല്‍ കളവ് ചെയ്തു കൊണ്ട് പോയ വാഹനത്തെ ബാരിക്കേഡ് വെച്ചു തടഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട അന്‍വറിനെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും, കളവ് ചെയ്ത ഹുണ്‍ഡായ് ക്രേറ്റ കാര്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
അന്‍വറിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഹാസനില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സി.കെ. സുനില്‍കുമാര്‍
(ഡിവൈ.എസ്.പി. ബേക്കല്‍)