കാസര്‍കോട്: കാമുകിക്കൊപ്പം ജീവിക്കുന്നതിനായി ഭാര്യയെ കൊന്ന് മൃതദേഹം ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ കേസിന്റെ അന്വേഷണം തൃശങ്കുവില്‍. കേസിലെ പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തും പരിസരങ്ങളിലുമായി തെക്കില്‍ പുഴയില്‍ അരിച്ചു പെറുക്കിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. അതേസമയം രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യം നില്‍ക്കാന്‍ ആരും എത്താത്തതിനാല്‍ പുറത്തിറങ്ങാനായില്ല.
2019 സെപ്‌തംബര്‍ 20ന് ആണ് കൊല്ലം, ഇരവിപുരം സ്വദേശിനിയും വിദ്യാനഗര്‍, പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ പ്രമീള (32)യെ കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവും കണ്ണൂര്‍, ആലക്കോട്, മണക്കടവ് സ്വദേശിയുമായ സില്‍ജോ (33)പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്‌തു. അന്ന് കാസര്‍കോട് ഡിവൈ എസ് പിയായിരുന്ന പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ വി വി മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രമിളയുടേത് തിരോധാനം അല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തുകയും ഭര്‍ത്താവായ സില്‍ജോയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
മൃതദേഹം ചാക്കില്‍ കെട്ടി തന്റെ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി തെക്കില്‍ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് തള്ളിയെന്നും സില്‍ജോ മൊഴി നല്‍കിയതായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്‌ദ്ധരും `ഐറോവര്‍ സ്‌കാനര്‍’ ഉപയോഗിച്ച് രണ്ട് ദിവസം തെക്കില്‍പ്പാലം മുതല്‍ പെരുമ്പള പാലത്തിന് താഴെ ഭാഗം വരെ വിശദമായി തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രതിയായ സില്‍ജോ ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തു.
പെരിങ്ങോം സ്വദേശിനിയായ കാമുകിക്കൊപ്പം ജീവിക്കുന്നതിനാണ് കൊല നടത്തിയതെന്നും അന്നു പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനുള്ള ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കാസര്‍കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന സില്‍ജോയില്‍ നിന്നും ഇയാളുടെ കാമുകിയില്‍ നിന്നും നിരവധി തവണ മൊഴിയെടുത്തുവെങ്കിലും മൃതദേഹം കണ്ടെത്തുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലാകുന്ന സമയത്ത് കൊലപാതകമാണെന്നു സമ്മതിച്ച പ്രതി ഇപ്പോള്‍ തനിക്ക് അക്കാര്യം അറിയില്ലെന്നും ഭാര്യയെ കാണാതായതെന്നും മൊഴി നല്‍കിയത്. ഇതോടെ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആശയക്കുഴപ്പത്തിലാണ്. കൊലയാണെങ്കില്‍ മൃതദേഹം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുമോയെന്ന ആശങ്കയുമുണ്ട്. എന്നാല്‍ കൊലപാതകം നടന്ന ദിവസം സില്‍ജോ പറഞ്ഞ സമയത്ത് ഇയാളുടെ ഓട്ടോ പോകുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യത ഇല്ലെന്നും അന്വേഷണ സംഘം കണക്ക് കൂട്ടുന്നു. കേരള പൊലീസ് ചരിത്രത്തില്‍ തന്നെ ഏറെ സങ്കീര്‍ ണ്ണതകള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമീള കൊലക്കേസിന് തുമ്പുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഡിവൈ എസ് പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സ
ംഘം