കാസർകോട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അഡ്വ. കെ. സുന്ദര്‍റാവു നിര്യാതനായി

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന ബി.ജെ.പി. നേതാവും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന അഡ്വ. കെ. സുന്ദര്‍റാവു(88)അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെ നുള്ളിപ്പാടി നേതാജി കോളനി റസിഡന്‍ഷ്യല്‍ ഏരിയയിലെ വസതിയായ വിദ്യാനിലയത്തിലായിരുന്നു അന്ത്യം. ബി.ജെ.പി. പ്രഥമ ജില്ലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടായിരുന്നു. ഭാരതീയ ജനസംഘം മണ്ഡലം പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ജി. മാരാറിനോടൊപ്പം ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. 1968ല്‍ രൂപീകൃതമായ കാസര്‍കോട് നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ അംഗമായിരുന്നു. പിന്നീട് നഗരസഭാ പ്രതിപക്ഷ നേതാവായും 1995ല്‍ വൈസ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചു. നഗരസഭയില്‍ ബി.ജെ.പി.യെ വളര്‍ത്തുന്നതില്‍ സുന്ദര്‍റാവു വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1975 ആഗസ്ത് 15ന് അടിയന്തിരാവസ്ഥയ്ക്ക് എതിരായി കാസര്‍കോട്ട് നടന്ന സമരത്തില്‍ മുന്‍നിരയില്‍ സുന്ദര്‍റാവു ഉണ്ടായിരുന്നു. 21 മാസക്കാലം കണ്ണൂര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 1970കളില്‍ കര്‍ണാടകയില്‍ നിന്ന് ഭക്ഷ്യ ധാന്യം കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഏക ഭക്ഷ്യമേഖല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പളയില്‍ നിന്ന് തലപ്പാടിയിലേക്ക് ആയിരങ്ങളെ അണിനിരത്തി ജനസംഘം നടത്തിയ കൂറ്റന്‍ മാര്‍ച്ചിന് കെ.ജി. മാരാറോടൊപ്പം നേതൃത്വം നല്‍കി. കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന സുന്ദര്‍റാവു ഏറെ കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: പ്രേമാകുമാരി. മക്കള്‍: പ്രശാന്ത, കിരണ്‍ ചന്ദ്ര, ശാലിനി, കിഷോര്‍ കുമാര്‍. മരുമക്കള്‍: വിജയകുമാരി, രേണുക, ലക്ഷ്മി നാരായണ റാവു, നമിത. സഹോദരങ്ങള്‍: വിശ്വനാഥ റാവു, പരേതരായ അപ്പുജിറാവു, സുനന്ദ. സംസ്‌കാരം ചെന്നിക്കര പൊതുശ്മശാനത്തില്‍.
أحدث أقدم
Kasaragod Today
Kasaragod Today