ഹണിട്രാപ്പ്; യുവ വ്യവസായിയെ കുടുക്കി 20 ലക്ഷം തട്ടാന്‍ ശ്രമം, കാസർകോട് സ്വദേശി അറസ്റ്റില്‍

യുവ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 20 ലക്ഷം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശി അറസ്റ്റിലായി. വൈക്കം സ്വദേശിയായ യുവ വ്യവസായിയില്‍ നിന്നാണ് 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ഹണിട്രാപ്പ് സംഘം ശ്രമിച്ചത്. 1.35 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. കാസര്‍കോട് അമ്ബലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന്‍ കൃഷ്ണന്‍, ഞാറക്കല്‍ സ്വദേശി ജോസ്‌ലിന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. പ്രണയം നടിച്ച ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തിയാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. ബിസിനസുകാരനില്‍നിന്നും പണം വാങ്ങാനെത്തിയ ജോസ്‌ലിന്‍ ആണ് അറസ്റ്റിലായത്. വൈക്കത്തെ യുവവ്യവസായിയെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. കഴിഞ്ഞ കുറേ കാലമായി ഫോണ്‍ വഴി ഇരുവരും ദിവസവും സംസാരിച്ചിരുന്നു. അതിനിടെ യുവതിയെ നേരില്‍ കാണണമെന്ന് പലതവണ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജ് മുറിയിലേക്ക് കൂട്ടി കൊണ്ടുപോയത്. ഇവര്‍ക്ക് പിന്നാലെ സുബിനും ജോസ്‌ലിനും അവിടെയെത്തി. അതിനിടെ യുവാവിന്‍റെ വസ്ത്രം ഊരിമാറ്റുകയും യുവതിക്കൊപ്പം ഇരുത്തി മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, അത് ഒഴിവാക്കാന്‍. 20 ലക്ഷം രൂപ നല്‍കണമെന്നുമാണ് സംഘം ആവശ്യപ്പെട്ടത്. വൈക്കത്തെ വീട്ടിലെത്താന്‍ യുവ വ്യവസായി ആവശ്യപ്പെട്ടത് അനുസരിച്ച്‌, സംഘത്തില്‍പ്പെട്ടയാള്‍ അവിടെ എത്തുകയായിരുന്നു. അതിനിടെ വിവരം പൊലീസില്‍ അറിയിച്ചിരുന്നു. 1.35 ലക്ഷം ഇവര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today