കോൺഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്‌താരം 30ന്‌ പുനരാരംഭിക്കും

കാസര്‍കോട്‌: കോണ്‍ഗ്രസ്‌ കാറഡുക്ക മണ്ഡലം കമ്മറ്റി വൈസ്‌ പ്രസിഡന്റായിരുന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്‌താരം 30ന്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(ഒന്ന്‌)യില്‍ പുനരാരംഭിക്കും. ലോക്‌ഡൗണ്‍ കാരണവും ജഡ്‌ജ്‌ സ്ഥലം മാറിപ്പോയതു കാരണവും നീട്ടിവച്ച വിസ്‌താരമാണ്‌ പുനരാരംഭിക്കുന്നത്‌. രാധാകൃഷ്‌ണന്‍, വിജയന്‍, കെ കുമാരന്‍, ദിലീപ്‌ കുമാര്‍ എന്നിവരാണ്‌ കേസിലെ പ്രതികള്‍. 2008 മാര്‍ച്ച്‌ 27ന്‌ രാത്രിയിലാണ്‌ ആദൂര്‍ കുണ്ടാറില്‍ വച്ച്‌ ബാലന്‍ കൊലചെയ്യപ്പെട്ടത്‌. ഈശ്വരമംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ സുഹൃത്തിന്റെ കാറില്‍ മുള്ളേരിയയിലേക്ക്‌ മടങ്ങുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ബൈക്കിലെത്തിയ പ്രതികള്‍ രാഷ്‌ട്രീയ വിരോധം വച്ച്‌ കാര്‍ തടഞ്ഞുനിര്‍ത്തി ബാലന്റെ ഇടതു നെഞ്ചിലും മുഖത്തും കുത്തുകയായിരുന്നുവെന്നാണ്‌ കേസ്‌. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദ്യം ആദൂര്‍ പൊലീസാണ്‌ കേസന്വേഷിച്ചിരുന്നത്‌. എന്നാല്‍ അന്വേഷണത്തില്‍ അട്ടിമറിയാരോപിച്ച്‌ ബാലന്റെ ഭാര്യ കെ പി പ്രഫുല്ല സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ഹൈക്കോടതി നിരീക്ഷിക്കുകയും ക്രൈംബ്രാഞ്ചിന്‌ കേസ്‌ കൈമാറുകയുമായിരുന്നു. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയായിരുന്ന എം വി ബാബുവാണ്‌ കേസന്വേഷിച്ച്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസില്‍ 55 സാക്ഷികളുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today