മാരക മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

ബേക്കൽ: ബേക്കലിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ത്രാസ്സും 4210 രൂപ, മൊബൈൽ ഫോൺ, 1.390 ഗ്രാം എംഡിഎംഏ മയക്കുമരുന്ന് എന്നിവ പിടികൂടി. അജാനൂർ ഇട്ടമ്മലിലെ നിസാമുദ്ദീൻ 31, കൊളവയലിലെ ആബിദ് 27, എന്നിവരെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യുപി, വിപിൻ, എസ്ഐ, രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബേക്കൽ ജംഗ്ഷന് സമീപം റെയിൽ പാളത്തിനരികെ മയക്കുമരുന്നുമായി ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി 9.30 മണിക്കാണ് അറസ്റ്റ്. ബേക്കൽ ഭാഗങ്ങളിൽ വീര്യം കൂടിയ മയക്കുമരുന്നുകളെത്തിച്ച് വിൽപ്പന നടത്തുന്ന ചെറുകിട വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് പോലീസ് സംശയിക്കുന്നു. മയക്കുമരുന്ന് ഗ്രാം അടിസ്ഥാനത്തിൽ തൂക്കുന്ന ഇലക്ട്രിക് ത്രാസ്സ് പ്രതികളിൽ നിന്നും കണ്ടെത്തിയത് പോലീസിന്റെ സംശയം ഉറപ്പിക്കുന്നതാണ്. എംഡിഎംഏ മയക്കുമരുന്ന് ആവശ്യക്കാർക്ക് പ്രതികൾ നൽകുന്നത് ഗ്രാമിന് 2,500 രൂപ മുതൽ 3,000 രൂപ വരെ വിലയീടാക്കിയാണ്. ചെറുകിട ഏജന്റുമാർക്ക് മയക്കുമരുന്നെത്തിച്ച് നൽകുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് ലോബിയെ കണ്ടെത്താൻ ബേക്കൽ പോലീസ് അന്വേഷണമാരംഭിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കും.
أحدث أقدم
Kasaragod Today
Kasaragod Today