കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ സ്വർണം കാസർകോട് സംസ്ഥാന പാതയിൽ നിന്ന് പിടികൂടി

കാസര്‍കോട്ട് കസ്റ്റംസ് വന്‍ സ്വര്‍ണ കള്ളക്കടത്ത് പിടികൂടി. കാറിലെ രഹസ്യ അറയില്‍ നിന്ന് മൂന്നര കോടി രൂപ വില വരുന്ന ആറര കിലോ സ്വര്‍ണം കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശി മഹേഷ് (25) ആണ് അറസ്റ്റിലായത്. കാസര്‍കോട് അസിസ്റ്റന്റ് കമീഷ്ണര്‍ ഇ.വികാസും സംഘവുമാണ് സ്വര്‍ണവേട്ട നടത്തിയത്. ചന്ദ്രഗിരി പാലത്തിന് സമീപം വച്ച് ബുധനാഴ്ച രാത്രിയാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ നിന്നാണ് ആറര കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്. കണ്ണൂര്‍ വിമാനത്താവളം വഴി കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സംശയമെന്ന് കസ്റ്റംസ് അസി.കമീഷ്ണര്‍ ഇ.വികാസ് പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ സ്വര്‍ണം കൊണ്ടുപോകുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ വല വിരിച്ച് കാത്തിരിക്കുകയായിരുന്നു വെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. 2020 ജനുവരിയില്‍ 15 കിലോ സ്വര്‍ണം കാസര്‍കോട് കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിന് ശേഷം 2021 ജനുവരിയില്‍ നാല് കിലോ സ്വര്‍ണവും, 2021 ഡിസംബറില്‍ ആറ് കിലോ സ്വര്‍ണവും കാസര്‍കോട് കസ്റ്റംസ് സമാനമായ രീതിയില്‍ പിടികൂടിയിരുന്നു. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് അസിസ്റ്റന്റ് കമീഷനര്‍ വികാസ്, കസ്റ്റംസ് സൂപ്രണ്ടന്റ് രാജീവ് പി.പി, കസ്റ്റംസ് ഡിവിഷന്‍ സൂപ്രണ്ടന്റ് ഹരിദാസ് പി.കെ, വി.പി വിവേക്, ശിവരാമന്‍.പി, ഇന്‍സ്‌പെക്ടര്‍ കപില്‍ ഗോര്‍ഗ്, ഉദ്യോഗസ്ഥരായ ആനന്ദ.കെ, ചന്ദ്രശേഖര, വിശ്വനാഥ.എം, തോമസ് സേവിയര്‍, ബാലന്‍ കുനിയില്‍, ഡ്രൈവര്‍ സജിത് കുമാര്‍ എന്നിവരാണ് സ്വര്‍ണവേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നത്
Previous Post Next Post
Kasaragod Today
Kasaragod Today