തലശേരിയില്‍ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് എതിരെ വന്‍ പ്രതിഷേധം; പ്രകടനങ്ങളിൽ പങ്കെടുത്തത് ആയിരങ്ങൾ, അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹവും

തലശേരി: കെ ടി ജയകൃഷണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച്‌ നടന്ന റാലിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനെതിരെ തലശേരിയില്‍ സിപിഎം ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ മത്സരിച്ച്‌ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ നഗരത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ തലശേരി നഗരത്തില്‍ കെ ടി ജയകൃഷണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച്‌ നടന്ന റാലിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് ഡിവൈഎഫ്‌ഐ, യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തഫ്‌ളീം മാണിയാട്ട്, ഫൈസല്‍ പുനത്തില്‍, റഷീദ് തലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ വഴി നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് മണവാട്ടി ജംഗ്ഷനില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ പൊതുയോഗവും നടന്നു. ഇതേ സമയം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ തലശേരി ബ്ലോക്ക് കമ്മറ്റി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ അജണ്ട കേരളത്തില്‍ നടപ്പിലാകില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. സി ജിഥുന്‍ അധ്യക്ഷനായി. എ എന്‍ ഷംസീര്‍ എംഎല്‍എ, സി കെ രമേശന്‍, എം സി .പവിത്രന്‍ , മനു തോമസ്, മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് ഡി പി ഐ യുടെ നേതൃത്വത്തിലും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. എ സി ജലാലുദ്ദീന്‍ , സി കെ ഉമ്മര്‍, അഡ്വ മുഹമ്മദ് ഷബീര്‍, ബംഗ്ല നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത് .യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് റിജില്‍ മാക്കുറ്റി, സുദീപ് ജയിംസ്, കമല്‍ജിത്ത്, മനോജ് പടേരി, മിഥുന്‍ മാറോളി, റോബേര്‍ട്ട് വെള്ളാംപള്ളിതുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനങ്ങള്‍ക്ക് ശേഷം പിരിഞ്ഞു പോവുകയായിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തിവീശി ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട് '

أحدث أقدم
Kasaragod Today
Kasaragod Today