വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും, കീഴൂര്‍ സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

കാസര്‍കോട്: വീട്ടില്‍ നിന്ന് വ്യാജ വിലാസത്തിലുള്ള പാസ്പോര്‍ട്ടുകളും യാത്രാ രേഖകളും പൊലീസ് പിടികൂടി. കീഴൂര്‍ സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കളനാട് കീഴൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ ഇന്നലെ മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസും സംഘവും നടത്തിയ പരിശോധനയില്‍ ബദിയടുക്ക ചേടിക്കല്‍ ഹസന്‍ കുട്ടി എന്നയാളുടെ വിലാസത്തിലുള്ള 3 പാസ്പോര്‍ട്ടുകളും വിമാന ടിക്കറ്റടക്കമുള്ള യാത്രാ രേഖകളുമാണ് പിടിച്ചെടുത്തത്. പാസ്പോര്‍ട്ടിലെ വിലാസവും യാത്രാ വിവരങ്ങളും സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുല്‍ ഖാദറിന് പൊലീസ് നോട്ടീസ് നല്‍കി. വേറൊരു വിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതല്‍ വിവരത്തിന് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അടിസ്ഥാന വിവരങ്ങള്‍ മറച്ചു വെച്ച് തെറ്റായ വിലാസം നല്‍കി പാസ്പോര്‍ട്ട് സംഘടിപ്പിച്ചതിന് അബ്ദുല്‍ ഖാദറിന്റെ പേരില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നിയമ പ്രകാരം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയുടെ സര്‍ച്ച് വാറണ്ട് പ്രകാരം നടത്തിയ റെയ്ഡില്‍ സി.ഐ ടി. ഉത്തംദാസി നോടൊപ്പം മേല്‍പ്പറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശശിധരന്‍ പിള്ള, പൊലീസുകാരായ ഷീബ, രജീഷ് എന്നിവര്‍ പങ്കെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today