ബേക്കൽ : ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ ലക്ഷക്കണക്കിന് രൂപ വില വരുന്ന വസ്തുക്കളും, സ്വത്തിന്റെ ആധാരവും തട്ടിയെടുത്ത സഹോദരങ്ങൾ ഒളിവിൽ. ഉദുമ പാക്യാരയിലെ യുവതി ബേക്കൽ പോലീസിൽ സമർപ്പിച്ച പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് സഹോദരങ്ങൾ ഒളിവിൽ പോയത്. പ്രവാസി വ്യാപാരിയായ പാക്യാരയിലെ തിഡിൽ മൊയ്നുദ്ദീന്റെ 45, വില പിടിപ്പുള്ള വസ്തുക്കളും, സ്ഥലത്തിന്റെ ആധാരവുമാണ് സഹോദരങ്ങളും ബന്ധുക്കളും ചേർന്ന് തട്ടിയെടുത്തത്.
ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകം മൊയ്നുദ്ദീൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. യുവാവിന്റെ ഖബറിലെ പച്ചമണ്ണിന്റെ മണം മാറും മുമ്പേയാണ് സഹോദരങ്ങൾ സ്വത്ത് തട്ടിയെടുത്തത്. 2021 ഫെബ്രുവരി മാസത്തിലാണ് മൊയ്നുദ്ദീൻ ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.
പുലർച്ചെ 4 മണിക്ക് പാക്യാരയിലെ വീട്ടിലെത്തിയ യുവാവ് 6 മണിക്ക് കുഴഞ്ഞുവീണ് മരിച്ചു. മരണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഹോദരങ്ങളായ താരിഫ്, തൗസീഫ്, മുനീർ, മുനീറിന്റെ ഭാര്യ റുബീന, മുനീറിന്റെ മകൾ, മൊയ്നുദ്ദീന്റെ മാതൃസഹോദരിയുടെ ഭർത്താവ് കുഞ്ഞബ്ദുള്ള ഹാജി എന്നിവർ ചേർന്ന് വീട്ടിലെ വില പിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി.
10 ലക്ഷം രൂപ വിലമതിക്കുന്ന റോളക്സ് വാച്ച്, പത്ത് ലക്ഷം രൂപയോളം വിലവരുന്ന വജ്ര മോതിരങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന 1 ലക്ഷം രൂപ വില പിടിപ്പുള്ള ഐ ഫോൺ 25 ലക്ഷം രൂപയോളം വിലമതിക്കുന്ന ഫോർച്യൂൺ കാർ മുതലായവ മൊയ്നൂദ്ദിന്റെ ബന്ധുക്കൾ തട്ടിയെടുത്തവയിൽപ്പെടും. അലമാരയിലിരുന്ന ആധാരവും ഇവർ എടുത്തുകൊണ്ടുപോയി.
മൊയ്നുദ്ദീന്റെ സ്വകാര്യ സ്വത്തുക്കളും, വസ്തുവിന്റെ ആധാരവും സഹോദരങ്ങളും ബന്ധുക്കളും തട്ടിയെടുത്ത വിഷയം കോട്ടിക്കുളം സംയുക്ത ജമാഅത്തിൽ ചർച്ച ചെയ്തിരുന്നു. മധ്യസ്ഥ ചർച്ചകളിൽ സ്വത്ത് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല.
ഇതെത്തുടർന്നാണ് മൊയ്നുദ്ദീന്റെ ഭാര്യ ഖൈറുന്നീസ ബേക്കൽ പോലീസിൽ പരാതി കൊടുത്തത്. ഖൈറുന്നീസയുടെ പരാതിയിൽ 6 പേർക്കുമെതിരെ ബേക്കൽ പോലീസ് മോഷണ കുറ്റം ചുമത്തി കേസെടുത്തതോടെയാണ് പ്രതികൾ ഒളിവിലായത്. പ്രതികൾ മോഷ്ടിച്ച വസ്തുവിന്റെ ആധാരം ബേക്കൽ പോലീസ് ആധാരമെഴുത്ത് ഒാഫീസിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഒരു പെൺകുട്ടിയടക്കം പറക്കമുറ്റാത്ത നാലു മക്കളുടെ പിതാവാണ് അന്തരിച്ച മൊയ്നുദ്ദീൻ. ഇതിൽ ഇളയകുട്ടിക്ക് ഒരു വയസ്സ് മാത്രമാണ് പ്രായം.
ജീവിത കാലം മുഴുവൻ ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കളാണ് മൊയ്നുദ്ദീന്റെ സഹോദരങ്ങൾ തട്ടിയെടുത്തത്. യുവാവിന്റെ സ്വന്തം പേരിലുള്ള സ്വത്ത് സഹോദരന്മാർക്ക് കൂടി വീതിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതികൾ തട്ടിയെടുത്ത ഐഫോണിൽ വിലപ്പെട്ട പല വിവരങ്ങളുമുണ്ടായിരുന്നു. മൊയ്നുദ്ദീൻ പലർക്കും വൻതുക കടം നൽകിയിരുന്നു.
അന്തരിച്ച പ്രവാസിയുടെ സ്വത്ത് വകകൾ സഹോദരങ്ങൾ തട്ടിയെടുത്തെന്ന്,ബേക്കൽ പോലീസ് കേസെടുത്തതിന് പിന്നാലെ സഹോദരങ്ങൾ ഒളിവിൽ
mynews
0