ഷാര്‍ജയില്‍ പൊതുഗതാഗതം സാധാരണ നിലയിലേക്ക്

ഷാര്‍ജയില്‍ പൊതുഗതാഗതം സാധാരണ നിലയിലേക്ക് ഷാര്‍ജ: കോവിഡ് മഹാമാരിയുടെ വരവോടെ ഷാര്‍ജ പൊതുഗതാഗത രംഗത്തുണ്ടായ കുറവ് സാധാരണ നിലയിലേക്ക് എത്തുന്നതായി ഗതാഗത വിഭാഗം അറിയിച്ചു. നിലവില്‍ 75 ശതമാനവും പഴയ രീതിയിലേക്കെത്തി. വൈകാതെ പൂര്‍വസ്ഥിതിയിലെത്തുമെന്ന പ്രതീക്ഷയുണ്ട്. പൊതുഗതാഗതം ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്ബനി എടുക്കുന്ന വ്യത്യസ്ത സംരംഭങ്ങളുടെ സഹായത്തോടെ ഈ വര്‍ഷാവസാനത്തോടെ ഗതാഗതം പകര്‍ച്ചവ്യാധിക്ക് മുമ്ബുള്ള തലത്തിലെത്തുമെന്ന് ഷാര്‍ജ കെ‌.ജി‌.എല്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസ് സി.ഇ.ഒ ഫഹദ് അല്‍ അവാദി പറഞ്ഞു. 2007ലാണ് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കുവൈത്തിലെ കെ.ജി.എല്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസിന് പൊതുഗതാഗത ശൃംഖല പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം നല്‍കിയത്. 2020ല്‍ കോവിഡ് വന്നെങ്കിലും ലോക്ഡൗണ്‍ സമയത്തും പൊതുഗതാഗതം അനിവാര്യമാണെന്ന് ഷാര്‍ജ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ ആദ്യ അഞ്ച് മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഗതാഗത സേവനം നല്‍കുന്നത് തുടര്‍ന്നു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവാദി പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today