ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കാറും മൊബൈല്‍ ഫോണും കാല്‍ ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി

കാസര്‍കോട്‌: ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കാറും മൊബൈല്‍ ഫോണും കാല്‍ ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതി. പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയില്‍ കാറും മൊബൈല്‍ ഫോണും നാടകീയമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്ടെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ആദൂര്‍, കോട്ടയിലെ മുനീര്‍ ആണ്‌ പരാതിക്കാരന്‍. ഈ മാസം അഞ്ചിനു ജോലി കഴിഞ്ഞ്‌ കാറില്‍ മടങ്ങുന്നതിനിടയില്‍ ചെങ്കള, ഇന്ദിരാനഗറില്‍ എത്തിയപ്പോള്‍ ആണ്‌ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തിയതെന്നു മുനീര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമി സംഘം ഭീഷണിപ്പെടുത്തുകയും മൊബൈലും പണവും കൈക്കലാക്കി കാറുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ കാറും ഫോണും കഴിഞ്ഞ ദിവസം നായന്മാര്‍ മൂലയ്‌ക്കു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌.കേസിലെ പ്രതികള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today