ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ ഒമ്ബതു മലയാളികള്‍ ദുരിതത്തില്‍

ഷാര്‍ജ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കേന്ദ്രീകരിച്ച്‌ മലയാളിയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനിരയായ ഒമ്ബതു പേര്‍ ഷാര്‍ജയില്‍ കുടുങ്ങി. ആലപ്പുഴ സ്വദേശി സന്ദീപ്, മാവേലിക്കര സ്വദേശികളായ സരിത, സുഗേഷ്, ആലപ്പുഴ തേവേരി സ്വദേശികളായ ഉണ്ണി, നിതിന്‍, മിഥിന്‍, ആറാട്ടുപുഴ ഹരികൃഷ്ണന്‍, ഇടുക്കി ജയിന്‍ ജോര്‍ജ്, പരുമല അമരേഷ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ പലരുടെയും വിസ കാലാവധി കഴിഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയിലെ ചെറിയ മുറിയിലാണ് ഇവരുടെ താമസം. ഇടപ്പള്ളി സ്വദേശി കെ.ആര്‍. രതീഷ് ആണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. ദുബൈയിലെ അല്‍വാന്‍ അല്‍ റീഫ് എന്ന കമ്ബനിയിലെ പാക്കിങ്, അക്കൗണ്ടിങ് വിഭാഗത്തില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എറണാകുളം രവിപുരത്തെ സഫിയ ട്രാവല്‍സിലെ ജീവനക്കാരന്‍ എന്ന വ്യാജേനയാണ് രതീഷ് ഇവരെ സമീപിച്ചത്. സഫിയ ട്രാവല്‍സിലെത്തി ടിക്കറ്റും വിസയും ഏര്‍പ്പെടുത്തുന്നതായി അഭിനയിക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ തങ്ങളുടെ ജീവനക്കാരനല്ലെന്നും ഇടക്കിടെ ടിക്കറ്റും വിസയും എടുക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ വരുന്നതെന്നും സഫിയ ട്രാവല്‍സ് ഉടമകള്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഫെബ്രുവരി നാലിന് യു.എ.ഇയിലേക്ക് പോകേണ്ടി വരുമെന്നായിരുന്നു സന്ദീപ് ഉള്‍പ്പെടെയുള്ള നാലുപേരോട് രതീഷ് ആദ്യം പറഞ്ഞത്. എന്നാല്‍, ഫെബ്രുവരി മൂന്നിനും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ഇവര്‍ തേവര പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇടപെട്ടതോടെ ഉടന്‍ ടിക്കറ്റ് നല്‍കി. യു.എ.ഇയിലേക്ക് മെഡിക്കല്‍ പരിശോധന ആവശ്യമില്ലെങ്കിലും അശോക മെഡിക്കല്‍സ് എന്ന സ്ഥാപനം വഴി പരിശോധനക്കും ഹാജരാക്കി. യു.എ.ഇയില്‍ എത്തിയാല്‍ മുംബൈ സ്വദേശി ജാഫറിനെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ജാഫര്‍ എത്തി 500 ദിര്‍ഹം (10,000 രൂപ) ഇവരില്‍നിന്ന് വാങ്ങി. താമസത്തിനുള്ള അഡ്വാന്‍സാണെന്നും മൂന്നു ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടിലേക്ക് അയച്ചുതരുമെന്നും നാലാം ദിവസം മുതല്‍ ജോലിക്ക് കയറാമെന്നുമാണ് ജാഫര്‍ പറഞ്ഞിരുന്നത്. പിന്നീട് ജാഫറും കൈയൊഴിഞ്ഞു. 1100 ദിര്‍ഹം കൂടി നല്‍കിയാല്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിനല്‍കാമെന്നാണ് ജാഫര്‍ ഇപ്പോള്‍ പറയുന്നത്. രതീഷ് ഫോണ്‍ എടുക്കുന്നില്ല. വാട്സ്‌ആപ് മെസേജുകളോട് പ്രതികരിക്കുന്നുമില്ല. കടം വാങ്ങിയും സ്വര്‍ണം വിറ്റും പണയംവെച്ചും 70,000 രൂപയോളം നല്‍കിയാണ് ഇവര്‍ ഷാര്‍ജയില്‍ എത്തിയത്. ആദ്യം എത്തിയ നാലു പേരുടെ വിസ കാലാവധി കഴിഞ്ഞതോടെ വന്‍ തുക പിഴയായി. മറ്റുള്ളവരുടെ വിസ ഉടന്‍ കഴിയും. ചില മനുഷ്യസ്നേഹികളുടെ ഇടപെടലിലൂടെയാണ് ഇടക്കിടെയെങ്കിലും ഭക്ഷണം ലഭിക്കുന്നത്. വാടകസമയം കഴിയുന്നതോടെ താമസസ്ഥലത്തുനിന്ന് ഒഴിയേണ്ടിവരും. കേരള സര്‍ക്കാറും ഇന്ത്യന്‍ എംബസിയും ഇടപെട്ട് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
أحدث أقدم
Kasaragod Today
Kasaragod Today