പരീക്ഷയ്‌ക്ക്‌ തലേന്നാള്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ രേഖകള്‍ ഡി വൈ എസ്‌ പി ഏറ്റെടുത്തു

ബോവിക്കാനം: പരീക്ഷയ്‌ക്ക്‌ തലേന്നാള്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ ഫയലുകള്‍ ബേക്കല്‍ ഡി വൈ എസ്‌ പി സി കെ സുനില്‍ കുമാര്‍ കുമാര്‍ ഏറ്റെടുത്തു. ജില്ലാ പൊലീസ്‌ മേധാവി ഡോ. വൈഭവ്‌ സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരമാണിത്‌. ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മുളിയാര്‍, ആലനടുക്കത്തെ സുഹൈല(15)യെ മാര്‍ച്ച്‌ 30ന്‌ ആണ്‌ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണത്തിനു പിന്നില്‍ നാലുപേരുടെ പ്രേരണ ഉണ്ടെന്നും ഇതേ കുറിച്ച്‌ വിശദമായി അന്വേഷണം നടത്തണമെന്നും സുഹൈലയുടെ സഹോദരനും പി ടി എ പ്രസിഡണ്ടും ഹെഡ്‌മാസ്റ്ററും ജില്ലാ പൊലീസ്‌ മേധാവിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ്‌ നേരിട്ട്‌ അന്വേഷിക്കാമെന്ന്‌ നിവേദക സംഘത്തിനു ജില്ലാ പൊലീസ്‌ മേധാവി ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായിട്ടാണ്‌ ആദൂര്‍ പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന കേസ്‌ രേഖകള്‍ ബേക്കല്‍ ഡിവൈ എസ്‌ പി ഏറ്റെടുത്തത്‌. അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയരായ യുവാക്കളെ ആദൂര്‍ പൊലീസ്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today