കരള്‍ മാറ്റിവെക്കല്‍ ആവശ്യമായ കുഞ്ഞുങ്ങളെ സഹായിക്കാന്‍ ബോളിവുഡ് നടന്‍ സോനു സൂദ് ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായി കൈകോര്‍ക്കുന്നു

മുംബൈ, യു എ ഇ : പ്രശസ്ത ബോളിവുഡ് നടനും സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയനുമായ ശ്രീ സോനു സൂദ്, ആസ്റ്റര്‍ ഗ്രൂപ്പിന്റെ സന്നദ്ധ സേവന വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായി കൈകോര്‍ക്കുന്നു. ലോക കരള്‍ദിനാചരണങ്ങളുടെ ഭാഗമായി ഇന്ത്യയിലെങ്ങുമുള്ള കരള്‍രോഗികളായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായാണ് സോനു സുദ് ആസ്റ്റര്‍ വളണ്ടിയേഴ്‌സുമായി കൈകോര്‍ക്കുന്നത്. 'ഈ ഉദ്യമത്തിലൂടെ കരള്‍ മാറ്റിവെക്കല്‍ ആവശ്യമായ നിര്‍ധനരായ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് സഹായത്തോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന്' സോനു സൂദ് പറഞ്ഞു. 'വര്‍ദ്ധിച്ച് വരുന്ന കരള്‍ രോഗങ്ങളും കരള്‍ ദാതാക്കളുടെ ലഭ്യതക്കുറവും മൂലം കുഞ്ഞുങ്ങളിലെ മരണനിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. ഇതേ കുറിച്ച് അവബോധം വളര്‍ത്താനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും നമുക്കൊരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ശസ്ത്രക്രിയ ആവശ്യമായിട്ടും അത് നിര്‍വ്വഹിക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി എന്റെയും ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും ശബ്ദമെത്തുമെന്ന് പ്രത്യാശിക്കാം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ' കരള്‍ മാറ്റിവെക്കല്‍ പോലുള്ള ജീവന്‍ രക്ഷാ ചികിത്സകള്‍ ചെലവേറിയതും എല്ലാവര്‍ക്കും പ്രാപ്യമല്ലാത്തതുമാണ് എന്നത് ദൗര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും അതിജീവിക്കാനാവശ്യമായ പരിശ്രമങ്ങള്‍ എല്ലാവരുടേയും സഹകരണത്തോടെ നടത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

' ഈ കൂട്ടായ്മയനുസരിച്ച് ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ സി എം ഐ ബാംഗ്ലൂര്‍, ആസ്റ്റര്‍ ആര്‍ വി ബാംഗ്ലൂര്‍ എന്നീ ഹോസ്പിറ്റലുകളിലാണ് ചികിത്സാ സഹായം ലഭ്യമാക്കുക' എന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഒമാന്‍ & കേരള റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

أحدث أقدم
Kasaragod Today
Kasaragod Today