ടാറിട്ടത് ചെറിയൊരു വേനൽ മഴയ്ക്ക് തന്നെ തകർന്നുതുടങ്ങി

ചട്ടഞ്ചാൽ : വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന റോഡ് അഭിവൃദ്ധിപ്പെടുത്തിയെങ്കിലും ആദ്യമഴയിൽ തന്നെ തകർന്നുതുടങ്ങി തെക്കിൽപ്പറമ്പ്- മുണ്ട്യക്കാൽ ജില്ലാ പഞ്ചായത്ത് റോഡിനെപ്പറ്റിയാണ് ആക്ഷേപം.വെള്ളിയാഴ്ച രാത്രി പ്രദേശത്ത് വേനൽമഴ പെയ്തിരുന്നു. ശനിയാഴ്ച വാഹനങ്ങൾ കടന്നുപോയപ്പോൾ വടക്കേപ്പറമ്പ് ഭാഗത്ത് റോഡിൽ പുതുതായി ടാറിട്ടത് ഇളകിത്തെറിച്ച നിലയിലാണ്. പഴയ ടാറിട്ട ഭാഗമാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. തെക്കിൽപ്പറമ്പ് സ്കൂളിനുസമീപം റോഡിന്റെ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്യുന്നതുൾപ്പെടെ 20 ലക്ഷത്തിന്റേതാണ് പ്രവൃത്തി. നാലുദിവസം മുൻപാണ് ടാറിട്ടത്. റോഡ് പൂർണമായി വീണ്ടും ടാറിടാനാണ് അനുമതി നൽകിയതെങ്കിലും ചില ഭാഗത്ത് കുഴികൾ മാത്രം അടച്ച് പ്രവൃത്തി പൂർത്തിയാക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധിക്കുകയും റോഡുപണി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്നരമീറ്ററിലാണ് റോഡ് ടാറിട്ടിട്ടുള്ളത്. എന്നാൽ, മൂന്നുമീറ്റർ കണക്കാക്കിയാണ് ഉദ്യോഗസ്ഥർ അടങ്കൽ തയ്യാറാക്കിയതത്രേ. ടാറിടൽ തുടങ്ങിയപ്പോൾ ഇത് പുലിവാലാകുമെന്നുകണ്ട് മൂന്നരമീറ്ററായി തന്നെ ടാറിടാൻ തുടങ്ങി. പകരം കുറച്ചുഭാഗം പൂർണമായ ടാറിടൽ ഒഴിവാക്കി കുഴികൾ മാത്രം അടച്ച് പരിഹാരം കാണുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. മഴയിൽ ഒലിച്ചുപോകുന്ന പ്രവൃത്തിയാണ് പലേടത്തും നടന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ആറുമാസം റോഡിന്റെ പരിപാലനം നടത്താൻ കരാറുകാരൻ ബാധ്യസ്ഥനാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനാവാസ് പാദൂർ പറഞ്ഞു. റോഡ് പൂർണമായി മികച്ച രീതിയിൽ ടാറിടാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post
Kasaragod Today
Kasaragod Today