ബെംഗളൂരു: ബെല്ലാരെയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി എന്‍ അശ്വത് നാരായണ്‍ 10 ലക്ഷം രൂപ വ്യക്തിഗത സഹായവും പ്രഖ്യാപിച്ചു. അതേസമയം, ഇതേ സ്ഥലത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിയായ മുസ് ലിം യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് സുള്ള്യയില്‍ ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ടത്. എന്നാല്‍, മസൂദിന്റെ വീട് സന്ദര്‍ശിക്കാനോ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തയ്യാറായില്ല.
അതേസമയം, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. ശേഷം 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ജില്ലാ ചുമതലയുള്ള മന്ത്രി സുനില്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പ്രവീണ്‍ കുമാര്‍ നെട്ടാറുവിന്റെ കുടുംബത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണ്‍ 10 ലക്ഷം രൂപ വ്യക്തിഗത സഹായം പ്രഖ്യാപിച്ചു. ഇത് തന്റെ വ്യക്തിപരമായി ചെയ്യുന്ന കാര്യമാണെന്ന് അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വ്യക്തിപരമായ മാനുഷിക സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപയുടെ ചെക്ക് മരണമടഞ്ഞ കുടുംബത്തിലേക്ക് എത്തുമെന്ന് ഉറപ്പാക്കുമെന്ന് ഡോ. നാരായണ്‍ പറഞ്ഞു.
19 കാരനായ മുസ് ലിം യുവാവിനെ അകാരണമായി കൊലപ്പെടുത്തിക്കൊണ്ട് സംഘപരിവാരമാണ് കര്‍ണാടകയില്‍ കൊലപാതകത്തിന് തുടക്കം കുറിച്ചത്. നിസാര പ്രശ്‌നത്തിന്റെ പേരിലാണ് ബജ്‌റംഗ്ദള്‍ സംഘം കാസര്‍ഗോഡ് സ്വദേശിയായ മസൂദിനെ കൊലപ്പെടുത്തിയത്. നിസാര കാര്യത്തിന്റെ പേരില്‍ പരിചയക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച ബജ്‌റംഗ്ദള്‍ സംഘം മസൂദിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഈ സംഭവം വാര്‍ത്തയാക്കാന്‍ മാധ്യമങ്ങളോ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസോ തയ്യാറായിരുന്നില്ല. തൊട്ടടുത്ത ദിവസം പ്രദേശത്ത് യുവമോര്‍ച്ചാ നേതാവ് കൊല്ലപ്പെട്ടതോടെയാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടത്. മാധ്യമങ്ങളും വലിയ തോതില്‍ വാര്‍ത്തയാക്കി. സംഘപരിവാര്‍ നേതാവിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ആദ്യം കൊല്ലപ്പെട്ട മുസ് ലിം യുവാവിന് സഹായം നല്‍കാത്തതെന്ന ചോദ്യമുയരുന്നുണ്ട്.
രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറി ദക്ഷിണ കന്നടയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഒരു മുസ് ലിം യുവാവിനെ കൂടി സംഘപരിവാരം കൊലപ്പെടുത്തി. ദക്ഷിണ കന്നഡയിലെ സൂറത്കലിലാണ് മുസ് ലിം യുവാവിനെ ആര്‍എസ് എസ് സംഘം വെട്ടിക്കൊന്നത്. കാട്ടിപ്പള്ള മംഗല്‍പേട്ട സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ കടയ്ക്കു മുന്നില്‍ വച്ചാണ് വെട്ടിക്കൊന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മേഖലയില്‍ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. പരിക്കേറ്റ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാസിലിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നാലോളം പേരാണ് കൊലയാളി സംഘത്തിലുള്ളതെന്നാണ് സൂചന. വസ്ത്രാലയത്തിനു മുന്നില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ചാണ് 26കാരനായ ഫാസിലിനെ ആര്‍എസ്‌എസ് സംഘം ആക്ര
മിച്ചത്.