ബൈക്ക് മോഷണക്കേസിൽ 2 യുവാക്കൾ അറസ്റ്റിൽ
പരപ്പ: നാടക നടന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ കളിക്കാരന്റെ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷ്‌ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊടക്കാട് വെള്ളച്ചാലിലെ ഇസ്‌മയില്‍ (19), കരിവെള്ളൂര്‍, പാലത്തേര കുഞ്ഞിപ്പുരയിലെ ജസീല്‍ (23) എന്നിവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്.കഴിഞ്ഞ ദിവസം പരപ്പയിലാണ് നാടക നടന്‍ പവിത്രന്‍ നീലേശ്വരത്തിന്റെ ചികിത്സാസഹായഫണ്ടിലേയ്‌ക്ക് ധനസമാഹരണം നടത്തുന്നതിനായി അന്‍പൊലിവ് ഡാന്‍സ് കലാസമിതിയും തപസ്യ പരപ്പയും ചേര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ കളിക്കാരനായ മഹേഷ് കോട്ടപ്പാറയുടെ ബൈക്കാണ് മോഷണം പോയത്. കളികഴിഞ്ഞ ശേഷമാണ് ബൈക്ക് കാണുന്നില്ലെന്ന കാര്യം മഹേഷ് അറിഞ്ഞത്. തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്‌ടാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കളികാണാന്‍ എത്തിയവരായിരുന്നു അറസ്റ്റിലായ ഇസ്‌മയിലും ജസീലും.