സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഉച്ചത്തില്‍ ഹോണടിച്ച് ഓടിച്ചുകയറ്റിയ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

 ചട്ടഞ്ചാല്‍: സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഉച്ചത്തില്‍ ഹോണടിച്ച് ഓടിച്ച വിദേശനിര്‍മ്മിത ആഡംബര കാര്‍ പൊലീസ് പിടികൂടി. ഒരു കോടിയിലധികം രൂപ വില വരുന്ന വിദേശനിര്‍മ്മിത ആഢംബര സ്‌പോര്‍ട്‌സ് കാറാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറ്റിയത്. ഷാര്‍ജ രജിസ്‌ട്രേഷന്‍ നമ്പറുള്ള കാര്‍ മേല്‍പ്പറമ്പ് സി.ഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ ശശിധരന്‍പിള്ള, സിവില്‍ പൊലീസുദ്യോഗസ്ഥരായ ശ്രീജിത്ത് കെ.വി, പ്രദീഷ്‌കുമാര്‍ പി.എം എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ കോമ്പൗണ്ടിലാണ് സംഭവം.അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദമലിനീകരണം ഉണ്ടാക്കും വിധം ഹോണടിച്ചും ഗ്രൗണ്ടില്‍ റെയ്‌സിംഗ് നടത്തി പഠനാന്തരീക്ഷം തകര്‍ത്തതിനും അപകടകരമായി വാഹനമോടിച്ചതിനും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോമി എം.ജെ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഫോറിന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്ത്യയില്‍ ഓടിക്കാനുള്ള പെര്‍മിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിന് പൊലീസ് നിര്‍ദ്ദേശം നല്‍കി. സ്റ്റേഷന്‍ പരിധിയിലെ എല്ലാ സ്‌കൂള്‍ പരിസരങ്ങളിലും വാഹന പരിശോധന കര്‍ശനമായി തുടരുമെന്നും കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയും അനാവശ്യമായി കറങ്ങി നടക്കുന്നതുമായ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ ടി.ഉത്തംദാസ് അറിയിച്ചു


.

Previous Post Next Post
Kasaragod Today
Kasaragod Today