മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് മലയാളികൾ പിടിയിൽ. ഉപേക്ഷിച്ച ബാഗിൽനിന്ന് 760 ഗ്രാം സ്വർണവും കണ്ടെത്തി. പിടികൂടിയ സ്വർണം മൊത്തം 3.895 കിലോഗ്രാം വരും.
നെല്ലിക്കുന്ന് ബംങ്കരക്കുന്ന് സ്വദേശി അബ്ദുള്ള ഫർഹാനിൽനിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വർണവും തെക്കിൽ ഫെറി ഹൗസിൽ ഹാഷിം മുബഷീറിൽനിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വർണവും ബങ്കരക്കുന്ന് റഹ്‌മാനിയയിൽ മുഹമ്മദലിയിൽനിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് അധികൃതർ പിടിച്ചത്.
ഞായറാഴ്ച ദുബായിൽ നിന്ന് മംഗളൂരുവിൽ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇവർ. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് പിടിച്ച 760 ഗ്രാം സ്വർണത്തിന് 39,29,200 രൂപ വില വരും. സ്വർണം നേരിയ കമ്പിയാക്കി അതിൽ റോഡിയം പൂശി ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം മുഴുവന്‍ സമാനരീതിയിലാണ് കടത്തിന് ശ്രമിച്ചതെന്നും അധികൃര്‍ വ്യക്തമാക്കി
.