ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോകൽ, യുവാവിനെ കണ്ടെത്തി

 കാസർകോട്: മേൽപറമ്പിൽ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ സംഘം യുവാവിനെ വഴിയിൽ തള്ളുകയായിരുന്നു. 


അടുക്കത്ത്ബയല്‍ സ്വദേശിയായ മജീദിനെയാണ് തിങ്കളാഴ്ച രാവിലെ ചളിയങ്കോട് പാലത്തിന് സമീപത്തുനിന്ന് തട്ടിക്കൊണ്ട് പോയത്. തന്റെ കൈവശമുണ്ടായിരുന്ന 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് മജീദ് പൊലീസിനോട് വെളിപ്പെടുത്തി. ബൈക്കിന്റെ ആര്‍സി ഉടമയായ കുണ്ടംകുഴി സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ ബൈക്ക് നേരത്തെ കാസര്‍കോട് സ്വദേശിക്ക് വിറ്റതാണെന്നും ആര്‍സി മാറ്റിയിട്ടില്ലെന്നുമാണ് കുണ്ടംകുഴി സ്വദേശി പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് മജീദിനെ കണ്ടെത്താന്‍ സാധിച്ചത്. 


സംഘം പണം കൈക്കലാക്കിയ ശേഷം മജീദിനെ വഴിയില്‍ തള്ളുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാതെ യുവാവ് നേരെ വീട്ടിലേക്ക് പോവുകയാണുണ്ടായത്. പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് മജീദ് സംഭവത്തെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. മജീദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. 


സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്


.

Previous Post Next Post
Kasaragod Today
Kasaragod Today