ചെലവഴിച്ചത് 3 കോടി, മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തില്‍ ചോർച്ച

 കാസർകോട്: മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിൽ ചോർച്ച. കാസർകോട് മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിലാണ് വിള്ളലുണ്ടായത്.

കഴിഞ്ഞ മെയ് 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചതാണ് ഈ കെട്ടിടം. കാസർക്കോട് മൊഗ്രാൽ പുത്തൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ക്ലാസ് മുറിയിലാണ് കഴിഞ്ഞ മഴയ്ക്ക് ചോർന്നൊലിച്ചത്. ചോർച്ച ശ്രദ്ധയിൽപ്പെട്ട കരാറുകാരൻ ടെറസിൽ സിമന്റ് ഇട്ട് ചോർച്ച അടച്ചു. വീണ്ടും മഴ പെയ്തപ്പോൾ മറ്റൊരിടത്ത് വിള്ളൽ കണ്ടെത്തി. അതിലൂടെ ചോർച്ചയുമുണ്ടായി. ഇതോടെ പിടിഎ കമ്മറ്റി അധികൃതർക്ക് പരാതി നൽകി.12 ക്ലാസമുറികളും അടുക്കളയും ഡൈനിങ് ഹാളുമടങ്ങുന്ന കെട്ടിടമായിരുന്നു ആദ്യം പ്ലാനിലുണ്ടായിരുന്നത്. പിന്നീട് ഹയർ സെക്കണ്ടറി ബ്ലോക്കാക്കുന്നതിനായി പ്ലാനിൽ മാറ്റം വരുത്തി. 9 ക്ലാസ് മുറികളാണ് നിലവിൽ കെട്ടിടത്തിലുള്ളത്. നിർമ്മാണത്തിൽ അപാകതയുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിൽ വിള്ളലുണ്ടായ സ്ഥലം വിദഗ്ധ സംഘം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്


Previous Post Next Post
Kasaragod Today
Kasaragod Today