കാസർകോട്: വീട്ടിൽ അനധികൃതമായി നാടൻ തോക്കും വെടിയുണ്ടകളും സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഉദുമ ബാര സ്വദേശി കിഴക്കേ വളപ്പ് സതീശൻ എന്ന സതീഷ് (39) ആണ് പിടിയിലായത്. യുവാവിനെതിരെ ആംസ് ആക്റ്റ് പ്രകാരം മേൽപ്പറമ്പ് പോലീസ് കേസെടുത്തു.കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറായ സതീഷിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി മേൽപ്പറമ്പ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ വീടിന്റെ അടുക്കളയുടെ തട്ടിൻ മുകളിൽ സൂക്ഷിച്ച നാടൻ തോക്ക് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്നു തിരകളും കണ്ടെടുത്തു.കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ നാടൻ തോക്ക് സൂക്ഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘമായി ഇയാൾക്ക് ബന്ധമുണ്ടെന്നും മറ്റുള്ളവരെ കൂടി ഇനി പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.സിഐ ടി ഉത്തംദാസ്, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് സതീഷിൻ്റെ വീട്ടിൽ പരിശോധന നടന്നത്.സിവിൽ പോലീസുകാരായ ഹിതേഷ്, ശ്രീജിത്ത് പ്രശാന്തി, സക്കറിയ, രാമചന്ദ്രൻ നായർ എന്നിവരും റെയ്ഡിന് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. ഉദുമയിലും പരിസര പ്രദേശങ്ങളിലും നിരവധി പേരുടെ കൈവശം അനധികൃതമായി നാടൻ തോക്കുകൾ ഉണ്ടെന്ന് പോലീസിനെ നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. വയനാട്ട് കുലവൻ ഉത്സവ ആവശ്യങ്ങൾക്കായി നായാട്ട് നടത്തുന്നവരുടെ കൈവശമാണ് ലൈസൻസ് ഇല്ലാത്ത തോക്കുള്ളതെന്നു പോലീസ് പറയുന്നുകഴിഞ്ഞ ഡിസംബറിൽ വാഹന പരിശോധനക്കിടെ തോക്കും തിരകളുമായി രണ്ടു പാലക്കുന്ന് സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. ഉദുമ പാലക്കുന്ന് സ്വദേശികളായ വൈ രാജേഷ് (33), നിഖിൽ (22) എന്നിവരെയാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറും സംഘവും പിടികൂടിയത്. പ്രതികളിൽ നിന്ന് നാടൻ തോക്കും ഏഴ് തിരകളും പോലീസ് പിടിച്ചെടുത്തിരുന്നു. കുമ്പള ഷിറിയ ഒളയത്ത് വെച്ച് വാഹന പരിശോധനക്കിടെ പിക് അപ്പ് വാനിൽ നിന്നുമാണ് തോക്കും തിരകളും പോലീസ് പിടികൂടിയത്.
നാടൻ തോക്കും തിരകളും ഒളിപ്പിച്ച നിലയിൽ; പോലീസ് പരിശോധനയിൽ യുവാവ് അറസ്റ്റിൽ
mynews
0