കാറിൽ കടത്തുകയായിരുന്ന മദ്യം എക്‌സൈസ് പിടികൂടി, ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് പൊട്ടക്കിണറ്റിൽ വീണ് പരിക്ക്

 ബദിയടുക്ക: എക്സൈസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പ്രതി പൊട്ടക്കിണറ്റില്‍ വീണു. കുളൂര്‍ ചരള അഡ്യന്തരക്കോടിലെ അബ്ദുള്‍ അസീസ്(35) ആണ് പൊട്ടക്കിണറ്റില്‍ വീണത്. ഇന്നലെ രാത്രി ബദിയടുക്ക-മുള്ളേരിയ റോഡിലെ ബാറടുക്കയില്‍ നിന്ന് എക്സൈസ് സംഘം കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കുളൂര്‍ സന്നാറയിലെ ചന്ദ്രശേഖരയെ അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രശേഖരക്കൊപ്പം അബ്ദുല്‍ അസീസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. അസീസിനെ പിടികൂടാന്‍ എക്സൈസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതി പൊട്ടക്കിണറ്റില്‍ വീണെന്ന വിവരം ലഭിച്ചത്. ബാറടുക്കയിലെ ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിലുള്ള കിണറില്‍ ഒരാള്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാര്‍ ഇക്കാര്യം ബദിയടുക്ക പൊലീസിനെ അറിയിച്ചു. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. അതിനിടെ കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സും എത്തിയിരുന്നു. ഫയര്‍ഫോഴ്സ് അസീസിനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. ആഴമേറിയ കിണറ്റില്‍ വീണതിനാല്‍ അസീസിന്റെ കൈമുട്ടിന്റെ എല്ല് പൊട്ടിയിരുന്നു. ആദ്യം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അസീസിനെ കൈമുട്ടിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരത്തേക്ക് മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today