മാലിന്യം നിർമാർജനം ചെയ്യുന്നതിന്‌ നഗരസഭ നടപ്പാക്കിയ ബയോഗ്യാസ്‌ പ്ലാന്റിലും കമ്പോസ്‌റ്റ്‌ ബിൻ പദ്ധതിയിലും വൻ ക്രമക്കേട്‌ നടന്നതായി വിജിലൻസ്‌ കണ്ടെത്തൽ

കാസർകോട്‌
നഗരത്തിലെ മാലിന്യം നിർമാർജനം ചെയ്യുന്നതിന്‌ നഗരസഭ നടപ്പാക്കിയ ബയോഗ്യാസ്‌ പ്ലാന്റിലും കമ്പോസ്‌റ്റ്‌ ബിൻ പദ്ധതിയിലും വൻ ക്രമക്കേട്‌ നടന്നതായി വിജിലൻസ്‌ കണ്ടെത്തൽ. 
പദ്ധതിയിൽ വ്യാപകക്രമക്കേട്‌ നടക്കുന്നതായുള്ള ദേശാഭിമാനി വാർത്തയെതുടർന്ന്‌ സിപിഐ എം കാസർകോട്‌ ലോക്കൽ സെക്രട്ടറി എസ്‌ സുനിൽ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബുധൻ രാവിലെ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പരിശോധന നടത്തിയത്‌. സ്വച്ഛഭാരതമിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും നഗരസഭയുടെയും ഫണ്ടുപയോഗിച്ചാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തത്‌. 
പദ്ധതി നടപ്പാക്കുന്നതിന് കണ്ണൂർ ആസ്ഥാനമായ അക്രഡിറ്റഡ് ഏജൻസിയാണ്‌ ചുമതലപ്പെടുത്തിയത്‌. 20 ശതമാനം തുക മുൻകൂറായി നൽകി. എന്നാൽ നാലുവർഷം മുമ്പ്‌ ആരംഭിച്ച പദ്ധതിയുടെ 30 ശതമാനം മാത്രമാണ്‌ നടപ്പായിട്ടുള്ളത്‌. ഇത്രകാലമായിട്ടും അഡ്വാൻസ് നൽകിയ തുക തിരിച്ചുപിടിക്കാനോ പദ്ധതി പൂർണമായും നടപ്പാക്കുന്നതിനോ ഭരണക്കാരും ഉദ്യോഗസ്ഥരും നടപടിയെടുത്തില്ല. 
കമ്പോസ്റ്റ് ബിൻ നൽകാനായി തെരഞ്ഞെടുത്ത ഗുണഭോക്താക്കളിൽനിന്നും ഗുണഭോക്തൃ വിഹിതം വാങ്ങിയതായും ഇത് കൃത്യമായി തിരിച്ചുകൊടുക്കുകയോ കമ്പോസ്റ്റ് ബിൻ നൽകുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഗുണഭോക്തൃ വിഹിതം വാങ്ങിയതിനും സൂക്ഷിച്ചതിനുമുള്ള രേഖകൾ പദ്ധതികളുടെ ഫയലിൽ കാണാത്തത്‌ ഗുരുതരകൃത്യവിലോപമാണെന്നും വിജിലൻസ്‌ ഡിവൈഎസ്‌പി പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താൻ പദ്ധതി സംബന്ധിച്ച്‌ കൂടുതൽ അന്വേഷണം വേണം. പരിശോധനയ്ക്ക് സീനിയർ സിപിഒമാരായ കെ ജയൻ, വി എം പ്രദീപ്, എ വി രതീഷ്, ജില്ലാപഞ്ചായത്ത് ഫിനാൻസ് ഓഫീസർ എൻ സലീം എന്നിവരുമുണ്ടായി
Previous Post Next Post
Kasaragod Today
Kasaragod Today