ചട്ടഞ്ചാൽ : മനുഷത്വമുഖമുള്ള മേൽപ്പറമ്പ് പോലീസിന്റെ സമീപനത്തിന് വീണ്ടും ബിഗ് സല്യൂട്ട്. തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയിലെ നഴ്സിങ് ഓഫീസർ സജീന നിസ്താറിനുണ്ടായ ഒരനുഭവം പോലീസിന്റെ നന്മയ്ക്ക് ഒന്നുകൂടി അടിവരയിടുന്നു.
അവർ പറയുന്നു: ചൊവാഴ്ച രാവിലെ മാവേലി എക്സ്പ്രസിന് കൊല്ലത്തുനിന്ന് കാഞ്ഞങ്ങാട്ടിറങ്ങി ജോലി ചെയ്യുന്ന ടാറ്റ ആസ്പത്രിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ പുറപ്പെട്ടു. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞും എട്ടുവയസ്സായ മകളും ഒപ്പമുണ്ടായിരുന്നു. ചട്ടഞ്ചാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇറങ്ങിനോക്കിയപ്പോൾ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ ബാഗ് ബസിനുള്ളിൽ മറന്നതായി മനസ്സിലായി. കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന എന്നെയും മക്കളെയും അതുവഴി വന്ന ആൾ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വിട്ടു. അവിടെ കൈക്കുഞ്ഞുമായി കയറി കാര്യം പറഞ്ഞപ്പോൾ പോലീസുദ്യോഗസ്ഥർ അപ്പോൾതന്നെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വിളിച്ചുപറയുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഞങ്ങളെ അവർ പിന്നീട് പോലീസ് വാഹനത്തിൽ കാസർകോട് സ്റ്റേഷനിൽ കൊണ്ടുപോയി. നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി അവിടെ ഉണ്ടായിരുന്നു. കുഞ്ഞ് വിശന്നുകരയുന്നതുകണ്ട് കൂടെ വന്ന പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ വനിതാ സ്റ്റേഷനിൽ കൊണ്ടുപോയി കുഞ്ഞിന് പാൽ കൊടുക്കാനുള്ള സൗകര്യം ചെയ്തുതന്നു. ആദ്യമായാണ് ഞാൻ പോലീസ് സ്റ്റേഷനിലും പോലീസ് വാഹനത്തിലും കയറുന്നത്.മേൽപ്പറമ്പ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദിമേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നിർദേശപ്രകാരം സി.പി.ഒ.മാരായ സക്കറിയയും നിതേഷുമാണ് സജീനയ്ക്ക് തുണയായത്. രണ്ടാഴ്ച മുൻപ് വാഹന യാത്രയ്ക്കിടയിൽ അത്യാസന്നനിലയിലായ ആളെ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കൾ സഹായം തേടിയ സംഭവമുണ്ടായിരുന്നു. സ്റ്റേഷനിൽ ജി.ഡി. ചുമതലവഹിച്ചിരുന്ന രാജേന്ദ്രനും പാറാവ് ജോലിയിലുണ്ടായിരുന്ന സി.പി.ഒ. രഞ്ജിത്തുമാണ് അന്ന് രക്ഷകരായത്. പോലീസ് വാഹനത്തിൽ ഉടൻ ഇവരെ കയറ്റി രഞ്ജിത്ത് ചെങ്കളയിലെ സഹകരണ ആസ്പത്രിയിൽ എത്തിച്ചാണ് മാതൃകയായത്.
പോലീസിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിൽ ഈ സംഭവത്തെപ്പറ്റിയുള്ള വിവരണം പിന്നീട് വൈറലായി. മാസങ്ങൾക്ക് മുൻപ് മക്കളെയും കൂട്ടി ജീവനൊടുക്കാൻ പുറപ്പെട്ട സ്ത്രീയെ കടൽക്കരയിൽനിന്ന് കണ്ടെത്തി ജീവിതത്തിലേക്ക് കരകയറ്റുകയും നന്മമനസ്സുകളുടെ സഹായത്തോടെ കുടുംബത്തിന് താങ്ങാവുകയും ചെയ്തതിന് മേൽപ്പറമ്പ് പോലീസിന് പ്രശംസ ലഭിച്ചിരുന്നു.