കാസർകോട്: ചെമ്മനാട് ഹൈസ്കൂൾ അധ്യാപകരുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ 58കാരൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തിൽ ആയിരുന്നു ഇയാളെന്നും അതിനെ തുടർന്നാണ് ബൈക്കുകൾക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം അധ്യാപകരുമായി വി പി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാൾ കാസർകോട് വന്നതെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ പൾസർ ബൈക്കും മേൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദിന്റെ ഹീറോ ഹോൻഡ ബൈക്കുമാണ് കത്തിനശിച്ചത്. ഓണാവധിക്ക് അധ്യാപകർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. മസ്ജിദ് സെക്രട്ടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് ഊർജിത അന്വേഷണമാണ് നടത്തിയത്. അതിനിടെ മസ്‌ജിദിലെ സിസിടിവി പരിശോധിച്ചപ്പോൾ അസ്വാഭാവികമായ നിലയിൽ സൈതലവിയുടെ ദൃശ്യം പതിഞ്ഞത് നിർണായകമായി. സമീപത്ത് നിന്ന് ബൈക്കു കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും കണ്ടെടുത്തു.