ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ പ്രതികളായ മുസ്ലീം ലീഗ്‌ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

കാസര്‍കോട്‌: ഫാഷന്‍ഗോള്‍ഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ പ്രതികളായ മുസ്ലീം ലീഗ്‌ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കമ്പനി എം ഡിയും  ലീഗു നേതാവുമായിരുന്ന ചന്തേരയിലെ പൂക്കോയ തങ്ങള്‍, ചെയര്‍മാന്‍ മുന്‍ എം എൽ എ എം സി ഖമറുദ്ദീന്‍ എന്നിവരുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം ഉത്തരവാദപ്പെട്ട സംസ്ഥാനതല അധികാരിയായ സംസ്ഥാന ഫിനാന്‍സ്‌ സെക്രട്ടറി സഞ്‌ജയ്‌ എം കൗള്‍ ആണ്‌ സ്വത്തുക്കള്‍ കണ്ടുകെട്ടികൊണ്ട്‌ ഉത്തരവിറക്കിയത്‌.

കേസ്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌ പി വി . പി സദാനന്ദന്റെ റിപ്പോര്‍ട്ടിന്മേലാണ്‌ നടപടി.കമ്പനി ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, എം ഡി പൂക്കോയ തങ്ങള്‍ എന്നിവരുടെ പേരില്‍ പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന നാലുമുറികള്‍ അടങ്ങിയ ഫാഷന്‍ ഓര്‍ണമെന്റ്‌സ്‌ ജ്വല്ലറി കെട്ടിടവും ബംഗ്‌ളൂരു സിലികുണ്ടേ വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരിലുള്ള ഒരേക്കര്‍ ഭൂമിയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.നേരത്തെ മറിച്ചു വിറ്റ ഖമർ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിക്കു വേണ്ടി എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരില്‍ കാസര്‍കോട്‌ ടൗണില്‍ വാങ്ങിയ ഭൂമിയും അതിലുള്ള നാലു കെട്ടിട മുറികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

170ല്‍ അധികം നിക്ഷേപകര്‍ക്ക്‌ 26 കോടിയിലധികം രൂപ തിരിച്ച്‌ നല്‍കാനുള്ളപ്പോള്‍ കമ്പനിക്ക്‌ ബാധ്യതയുള്ള ഒരാള്‍ക്ക്‌ മാത്രം കെട്ടിടം മറിച്ച്‌ വിറ്റതിനു നിയമ സാധുതയില്ലെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. എം ഡിയുടെയും ചെയര്‍മാന്റെയും പേരില്‍ ചെറുവത്തൂര്‍, കയ്യൂര്‍, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കാലിക്കടവ്‌ എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലുള്ള  അക്കൗണ്ടുകളും കണ്ടു കെട്ടിയതിൽ ഉൾപ്പെടുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today