വിദ്യാർത്ഥിനി മരണപെട്ടതിനെ തുടർന്ന് സംസ്ഥാന പാതയിലെ കുഴിയടക്കാൻ അടിയന്തിര നടപടി ആരംഭിച്ചു. കളക്ടറുടെ നിര്‍ദ്ദേശം പരിഗണിച്ച് മൂന്ന് മണിക്കൂറിനകം കുഴികള്‍ നികത്തി. ചെര്‍ക്കള ടൗണില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ കുഴി കേരള റോഡ് ഫണ്ട് ബോര്‍ഡ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് അടച്ചു. ചെര്‍ക്കള കല്ലടുക്ക റോഡിലെ കുഴികളും അടച്ചു ഗതാഗത യോഗ്യമാക്കി. മേല്‍പ്പറമ്പ് ജംഗ്ഷന് സമീപം റീടാറിംഗ് ഇളകി രൂപപ്പെട്ട കുഴി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ അടച്ചു. ചെര്‍ക്കള – കല്ലടുക്ക റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തിയ കരാറുകാരന് കുഴികള്‍ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കളനാട് ജുമാ മസ്ജിദിന് സമീപം റോഡിലെ കുഴി അടച്ചു. ഈ റോഡില്‍ മണ്ണ് ഉയര്‍ന്ന് നില്‍ക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കി ഗതാഗത യോഗ്യമാക്കി. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന് സമീപം അപകടം നടന്ന് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സ്ഥലത്തെ കുഴിയും അടച്ചു. മറ്റ് കുഴികള്‍ നികത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാന പാതയിലെ കുഴികള്‍ മഴയുടെ ശക്തി കുറയുന്നതോടെ പൂര്‍ണ്ണമായും അടയ്ക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പള്ളിക്കര മേല്‍പ്പാലത്തിനും ചന്ദ്രഗിരിപ്പാലത്തിനും മുകളില്‍ രൂപപ്പെട്ട കുഴികള്‍ നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ചെര്‍ക്കള – ജാല്‍സൂര്‍ പാതയില്‍ ചെര്‍ക്കള മുതല്‍ കെ കെ പുറം വരെയുള്ള ഭാഗത്തുള്ള കുഴികള്‍ നികത്തുന്ന പ്രവൃത്തി അടുത്ത ദിവസം പൂര്‍ത്തീകരിക്കും.
ബൈക്ക് മറിഞ്ഞു വിദ്യാർത്ഥിനിയുടെ മരണം ; കലക്ടറുടെ ഇടപെടലിൽ ചന്ദ്രഗിരി റോഡിലെ കുഴിയടക്കാൻ അടിയന്തിര നടപടി
mynews
0