കാസര്‍കോട്: പെട്രോള്‍പമ്പില്‍ അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തുവെന്ന കേസില്‍ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്‌തു. ബട്ടംപാറയിലെ മഹേഷി(32)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്‌തത്. ഇരുപതോളം കേസുകളില്‍ പ്രതിയായി കാപ്പ പ്രകാരം അറസ്റ്റിലായ മഹേഷ് അടുത്തിടെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നു ഇറങ്ങിയത്. കഴിഞ്ഞ മാസം 30ന് ആണ് കേസിനാസ്‌പദമായ സംഭവം. സുഹൃത്തിന്റെ ബൈക്കുമായി ചന്ദ്രഗിരി ജംഗ്‌ഷനിലുള്ള പമ്പില്‍ പെട്രോള്‍ അടിക്കുവാന്‍ എത്തിയതായിരുന്നു മഹേഷ്. ഇതിനിടയില്‍ ജീവനക്കാരനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വില്‌പനയ്‌ക്കു വച്ച ഓയില്‍ നിലത്തേയ്‌ക്ക് തള്ളിയിടുകയും കൗണ്ടിംഗ് മെഷീന്‍ തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി.
തടയാന്‍ ചെന്നപ്പോഴാണ് ജീവനക്കാരന്റെ ബൈക്കിനു കേടുപാടു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.