കാസർകോട്: വീട്ടില്‍ നിന്നു പുറത്തേക്കു പോയ യുവാവ് പൊട്ടക്കിണറ്റില്‍ വീണു മരിച്ച നിലയിൽ. നെട്ടണിഗെ കായര്‍പ്പദവ് പാലക്കൊച്ചിയിലെ ഐത്തപ്പ നായിക്കിന്റെ മകന്‍ ഉമേഷ് കുമാര നായിക് (28)ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇയാള്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. അല്‌പസമയം കഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്തുള്ളപ്പൊട്ടക്കിണറ്റില്‍ എന്തോ വീഴുന്ന ശബ്‌ദം കേട്ടു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഉമേഷ് കിടക്കുന്നതായി തോന്നിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയർ ഫോഴ്സും ആദൂര്‍ പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഉമേഷിനെ കരയ്‌ക്കെടുത്തത്. അപ്പോഴേയ്‌ക്കും മരിച്ചിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.
സവിതയാണ് ഉമേഷിന്റെ മാതാവ്. ശിവപ്രസാദ് ഏക സഹോദരന്‍.