വീട്ടിലെ കവർച്ച; തൊണ്ടി മുതലുമായി 2 പേർ അറസ്റ്റിൽ

 കാസര്‍കോട്‌: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ്‌ സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബേക്കല്‍ പാലക്കുന്ന്‌, ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍ (40), അണങ്കൂര്‍ തുരുത്തിയിലെ ടി.എ.ആസിഫ്‌ (37) എന്നിവരെയാണ്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ചന്ദ്രഗിരി പാലത്തിനു സമീപത്തെ മുഹമ്മദ്‌ഷായുടെ പരാതിപ്രകാരമാണ്‌ പൊലീസ്‌ കേസെടുത്ത്‌ ഇരുപ്രതികളെയും അറസ്റ്റു ചെയ്‌തത്‌. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബസമേതം പോയതായിരുന്നു പരാതിക്കാരന്‍. തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ മുന്‍ ഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ചു കവര്‍ച്ച നടന്ന സംഭവം അറിഞ്ഞത്‌. 15,000 രൂപ രണ്ടു ഗ്യാസ്‌ സിലിണ്ടറുകള്‍, രണ്ടു ഗ്രാം സ്വര്‍ണ്ണം, പാത്രങ്ങള്‍ എന്നിവയാണ്‌ മോഷണം പോയത്‌. കവര്‍ച്ചാമുതലുകള്‍ വില്‍ക്കാനായി ചന്ദ്രഗിരി പാലത്തിനു അടിഭാഗത്ത്‌ സൂക്ഷിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.


Previous Post Next Post
Kasaragod Today
Kasaragod Today