കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ സഹോദരനെ കാണാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ബഹളം വച്ച യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയെയും പൊലീസുകാരനെയും അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. ബേഡകം എസ്.ഐ. എം ഗംഗാധരന്റെ പരാതിയില്‍ വികലാംഗ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കള്ളാര്‍ ചാമുണ്ഡിക്കുന്ന്, ഗാന്ധിനഗര്‍, ശാസ്ത മംഗലത്ത് ഹൗസില്‍ പ്രമോദ് (39) ആണ് ആശുപത്രിയില്‍ പരാക്രമം കാണിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. പ്രമോദിന്റെ സഹോദരനു അഡൂരില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഈ വിവരമറിഞ്ഞാണ് ഭിന്നശേഷിക്കാരനായ പ്രമോദ് ആശുപത്രിയിലെത്തിയത്. പിന്നീട് ആശുപത്രി ജീവനക്കാരോടും നഴ്സുമാരോടും തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ് എസ്.ഐ ഗംഗാധരനും ഡ്രൈവര്‍ ജയപ്രകാശ്, എ.എസ്.ഐ പരമേശ്വരന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രമോദിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ പ്രമോദ് പൊലീസിനു നേരെ തിരിയുകയും കടിച്ചും അടിച്ചും പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ പൊലീസെത്തി പ്രമോദിനെ കീഴടക്കിയ ശേഷം ബേഡഡുക്ക താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. വികലാംഗനാണെന്ന പരിഗണന നല്‍കി പ്രമോദിനെ മാതാവിനൊപ്പം വിട്ടയച്ചു. എസ്.ഐയും ഡ്രൈവറും ചികിത്സ തേടി.
ആശുപത്രിയിൽ യുവാവിന്റെ പരാക്രമം, പിന്തിരിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചു
mynews
0