റിയാസ് മൗലവി വധക്കേസിൽ ഈ മാസം 29ന് വിധി പറയും

 കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി ഈ മാസം 29ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേളുഗുഡ്ഡേ അയ്യപ്പ മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അറസ്റ്റിലായത് മുതല്‍ ജാമ്യം ലഭിക്കാതെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു.വധക്കേസിന്റെ വിചാരണ നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും കൊവിഡും കോടതി അടച്ചിടേണ്ടിവന്നതും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചതും പ്രോസിക്യൂട്ടര്‍ മരിച്ചതുമെല്ലാം തുടര്‍ നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായി. പുതിയ ജഡ്ജ് വന്നതിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today