വീട്ടില്‍ വോട്ട്; കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ സി.കുപ്പച്ചി നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്തു
കാസര്‍കോട്: നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി.കുപ്പച്ചി. കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി.കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയത്. കന്നിവോട്ട് ചെയ്തത് വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീട്ടില്‍ നിന്നായിരുന്നു വോട്ട്. കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ഓര്‍മയുമായി 18-ാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശമാണ് വ്യാഴാഴ്ച വിനിയോഗിച്ചത്. പ്രായം ഏറെ ആയെങ്കിലും സ്വന്തം കാര്യങ്ങള്‍ക്കൊന്നും ബന്ധുക്കളുടെ സഹായം സഹായമൊന്നും തേടാതെയാണ് അടോട്ട് കൂലോത്ത് വീട്ടിലെ താമസം. 1948 ലെ നെല്ലെടുപ്പ് സമരത്തില്‍ പങ്കെടുത്ത അനുഭവവും ഈ മുത്തശ്ശിക്കുണ്ട്.
ഇഎംഎസിന്റെ കാലം തൊട്ട് വോട്ട് ചെയ്ത കഥകളുടെ കെട്ടഴിക്കും. ചിലതൊക്കെ തപ്പിയും തടഞ്ഞും ഓര്‍ത്തെടുക്കും. ഏക മകന്‍ കെവി കുട്യന്‍ മരിച്ച് 41 ദിവസം തികയും മുന്‍പ് വോട്ട് ചെയ്യാന്‍ പോയ കഥയും കുപ്പച്ചിക്കു പറയാനുണ്ട്.
വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി. കളക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു. അയല്‍വാസി കാരിച്ചി നെല്‍കതിര്‍ ചെണ്ട് നല്‍കി ജില്ലാ കളക്ടറെ സ്വീകരിച്ചു. ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞ
ു.