കണ്ണൂർ: ഓസ്‌ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ സ്വദേശിനിയടക്കം രണ്ട് പേർ ദാരുണമായി മരിച്ചു. മറ്റൊരു സ്ത്രീ നീന്തി രക്ഷപ്പെട്ടു. തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യയും കണ്ണൂർ എടക്കാട് സ്വദേശിനിയുമായ മർവ ഹാശിം (35) ആണ് മരിച്ചത്. കെഎംസിസി സ്ഥാപക നേതാവ് സി ഹാശിം – കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാശിം ദമ്പതികളുടെ മകളാണ്. മരിച്ച മറ്റൊരു സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരം 4:30 മണിയോടെ സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലാണ് സംഭവം. പാറക്കെട്ടുകളിൽ നിന്ന് മർവയടക്കം മൂന്ന് പേർ കടലിലേക്ക് വീഴുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയും കടലിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.
ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. മുങ്ങിമരണം നടന്ന പ്രദേശം ‘ബ്ലാക് സ്പോട്’ എന്നാണ് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയു
ന്നു.