കാസര്‍കോട്: വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ക്വിന്റല്‍ ഉലിച്ച അടയ്ക്ക മോഷ്ടിച്ചു കടത്തുകയായിരുന്ന രണ്ട് പേരെ കയ്യോടെ പിടിച്ചു. ബായാര്‍ സ്വദേശികളായ മുഹമ്മദ് സാലി (18), മനാഫ് (20) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
ബായാര്‍ പദവിലെ അടയ്ക്ക വ്യാപാരിയായ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നാണ് അടയ്ക്ക മോഷണം പോയത്. സിറ്റൗട്ടില്‍ ചാക്കിലാക്കി വച്ചിരുന്ന അടയ്ക്ക മോഷ്ടിച്ച് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോകുന്നതിനിടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും നാട്ടുകാരുടെ പിടിയിലായത്. അസമയത്ത് ചാക്കുകെട്ടുമായി സ്‌കൂട്ടറില്‍ പോകുന്നതില്‍ സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ അബ്ദുല്‍ ഖാദറിനെയും മഞ്ചേശ്വരം പൊലീസിനെയും അറിയിച്ചു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.