കാസര്‍കോട്: 45 അടി താഴ്ചയും 15 അടി വെള്ളവുമുള്ള ക്ഷേത്ര കിണറില്‍ ചാടിയ ആളെ സാഹസികമായി രക്ഷിച്ചു. രണ്ടു മണിക്കൂര്‍ നേരം ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെയാണ് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്ത് കോട്ടക്കണ്ണി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രക്കിണറില്‍ ചാടിയ വിദ്യാനഗര്‍, നെല്‍ക്കള ഹൗസിലെ 45 വയസ്സുകാരനാണ് മണിക്കൂറുകളോളം ഫയര്‍ഫോഴ്സിനെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. യുവാവ് ക്ഷേത്രക്കിണറ്റില്‍ ചാടിയ വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് അധികൃതര്‍ റെസ്‌ക്യു നെറ്റ് ഇറക്കിക്കൊടുത്തു. എന്നാല്‍ അതിനകത്തു കയറാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫസര്‍ കെ. ശ്രീകേഷ് ചെയര്‍നോട്ടിന്റെ സഹായത്താല്‍ കിണറ്റിലേക്കിറങ്ങി. ഇതിനിടയില്‍ യുവാവ് റെസ്‌ക്യു നെറ്റില്‍ കയറാമെന്ന് അറിയിച്ചു. തുടര്‍ന്ന് വല ഇറക്കിക്കൊടുത്താണ് യുവാവിനെ കരയ്ക്കു കയറ്റിയത്. യുവാവിനെ അപ്പോള്‍ തന്നെ പൊലീസിനു കൈമാറി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.കെ നിധീഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പി.ജി ജീവന്‍, കെ. നിരൂപ്, എസ് അരുണ്‍കുമാര്‍, ഫയര്‍മാന്‍മാരായ കെ. ശ്രീജിഷ, അരുണ പി. നായര്‍, ഡ്രൈവര്‍ പ്രസീദ്, ഇ, മിഥുന്‍, ഹോംഗാര്‍ഡ് ശ്രീജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
ക്ഷേത്രക്കിണറ്റില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
mynews
0