ബദിയടുക്ക: വീട് കുത്തിതുറന്ന് നാലര ക്വിന്റല്‍ അടക്കയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിട്ള സാലത്തൂര്‍ കൊടകമുഗറിലെ മുഹമ്മദ് ജാബിറി(37)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ജാബിറിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. ഷേണി മണിയമ്പാറയിലെ വീട്ടില്‍ നിന്ന് 1,72,000 രൂപ വില വരുന്ന നാലര ക്വിന്റല്‍ അടക്ക, 10,000 രൂപയുടെ ടെലിവിഷന്‍, 3000 രൂപയുടെ മോഡം, 5000 രൂപയുടെ ക്യാമറ, 10,000 രൂപയുടെ ടാബ് എന്നിവ മോഷണം പോയിരുന്നു. മണിയമ്പാറ ദാറുല്‍ മുഫാത്ത് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഫാത്തിമത്ത് സുനൈന വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഈ സമയം വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാവ് അടക്കയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോകുകയാണുണ്ടായത്. ഫാത്തിമത്ത് സുനൈനയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബദിയടുക്ക എസ്.ഐ കെ.ആര്‍ ഉമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ്, ആരിഫ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കര്‍ണ്ണാടകയില്‍ നിന്നാണ് പിടികൂടിയത്. മാസങ്ങള്‍ക്കു മുമ്പ് നെക്രാജെയിലെ ഒരു വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തില്‍പെട്ടയാളാണ് മുഹമ്മദ് ജാബിറെന്ന് പൊലീസ് സംശയിക്കുന്നു. ഈ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ട്.
വീട് കുത്തിതുറന്ന് നാലര ക്വിന്റല്‍ അടക്കയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
mynews
0