മദ്യം വാങ്ങിയ പണത്തെച്ചൊല്ലി നടന്ന തർക്കത്തിലുണ്ടായ കൊലക്കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി നടന്ന തർക്കത്തിലുണ്ടായ കൊലക്കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: മദ്യം വാങ്ങിയ പണത്തെച്ചൊല്ലി നടന്ന കൊലക്കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികം കഠിന തടവും അനുഭവിക്കണം. തിരുവനന്തപുരം സ്വദേശി മേസ്ത്രി എന്നു വിളിക്കുന്ന വിജയന്‍ മേസ്ത്രി(63)യെ കൊലപ്പെടുത്തിയ തമിഴ് നാട് സ്വദേശി മുരുഗ(48)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍ 449 -ഐപിസി), മന:പൂര്‍വ്വമല്ലാത്ത നരഹത്യ 304 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ 15 നു വൈകുന്നേരം ആറു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കള സന്തോഷ് നഗറിലുള്ള വാടക കെട്ടിടത്തില്‍ വച്ചാണ് കൊല നടന്നത്. മദ്യം വാങ്ങിയതിന്റെ പൈസ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ വിജയന്‍ മേസ്ത്രിയെ മുരുഗന്‍ തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തുഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ 34 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ സമയം കൊല്ലപ്പെട്ട വിജയന്‍ മേസ്ത്രിയുടെ റൂമിലുണ്ടായിരുന്ന സുഹൃത്തായ ഇബ്രാഹിം കരിമിന്റെ മൊഴിയും, വിജയന്റെ റൂമില്‍ നിന്നും കണ്ടെടുത്ത മുതലുകളില്‍ കാണപ്പെട്ട പ്രതിയുടെ രക്തവും, വിരലടയാളവും തെളിവായി. സ്ഥലത്തെ ഫാത്തിമാ ട്രാവല്‍സ് എന്ന കടയിലെ സിസിടിവി ദൃശ്യങ്ങളും കേസില്‍ നിര്‍ണ്ണായകമായ തെളിവുകളായി. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത് സബ് ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദും തുടര്‍ന്ന് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി.വി. മനോജും ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ലോഹിതാക്ഷന്‍, അഡ്വക്കറ്റ് ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today