അബൂദബി: വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശി ചന്ദ്രന് 20 ലക്ഷം ദിര്‍ഹം (ഏകദേശം നാലു കോടി രൂപ) നഷ്ടപരിഹാരം നല്കാന് അബൂദബി കോടതി വിധിച്ചു. ദുബൈയില്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ ജോലിചെയ്തിരുന്ന ഇ.കെ. ചന്ദ്രന് 2012ലാണ് അപകടമുണ്ടായത്. ചന്ദ്രന് ഓടിച്ചിരുന്ന കാറിന് എതിരെ റെഡ് സിഗ്നല്‍ മറികടന്നുവന്ന ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചന്ദ്രനുള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേല്‍ക്കുകയും ഒരു മാസത്തോളം ദുബൈ റാഷിദിയ ഹോസ്പിറ്റലില്‍ ചികിത്സയിലുമായിരുന്നു. പിന്നീട് കേരളത്തിലേക്ക് മാറ്റി.
രണ്ടു കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിെന്റ അത്താണിയായിരുന്നു ഇദ്ദേഹം.പ്രമുഖ നിയമസ്ഥാപനമായ ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വക്കറ്റ്സ് ആന്‍ഡ് ലീഗല്‍ അഡ്വൈസേഴ്സിലെ നിയമ ഉപദേശകനും അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി മുഖേനെയാണ് ചന്ദ്രെന്റ കേസ് കോടതിയിലെത്തിയത്. അഡ്വ. ഖല്ഫാന് ഗാനം അല്‍ കഅബിയായിരുന്നു അഭിഭാഷകന്. സമീപകാലത്തെ ഏറ്റവും വലിയ തുകയാണ് കേസില്‍ നഷ്ടപരിഹാരമായി ലഭിച്ചതെന്ന് അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.