സുരേന്ദ്രന്റെ പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ആര്‍.എസ്.എസ്.ബി ജെ.പി അണികള്‍ക്ക് ആശങ്ക

കോന്നി: ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കോന്നിയില്‍ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സജീവമാകാത്തതു ചര്‍ച്ചയാവുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടത്-വലത് കക്ഷികള്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കവും പടലപ്പിണക്കവും തങ്ങളെ വിജയത്തിലേക്ക് എത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടെ കരുത്തനായ നേതാവ് കെ.സുരേന്ദ്രന്‍ മത്സരത്തിനെത്തിയത്.
എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതുപോലെ ആര്‍.എസ്.എസോ സംഘപരിവാര്‍ സംഘടനകളോ ഇലക്ഷന്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതാണ് സാധാരണ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുശേഷം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഏകോപനം നടത്തുന്നത് നിശ്ചയിക്കപ്പെടുന്ന ആര്‍.എസ്.എസ് നേതാവാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ പ്രവര്‍ത്തനം നടത്തിയത് ആര്‍.എസ്.എസ് സംസ്ഥാന തല നേതാവായിരുന്നു. എന്നാല്‍ അന്ന് പരിവാര്‍ നേതാക്കളെ സംയോജിപ്പിക്കുന്നതില്‍ വലിയ വീഴ്ചയാണ് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന ആക്ഷേപം ശക്തമായിരുന്നു.
ആര്‍.എസ്.എസിന് സ്വാധീനമുള്ള പല മേഖലകളിലും തിരഞ്ഞെടുപ്പ് അഭ്യര്‍ത്ഥന എത്തിക്കുന്നതിനുപോലും ഇദ്ദേഹം പരിശ്രമിച്ചില്ലെന്നും പറയപ്പെടുന്നു. ഇക്കുറി പേരിനുപോലും സംയോജകനെ നിശ്ചയിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായിട്ടില്ല. മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തുണ്ടായിരുന്ന ബി.എം.എസും വിശ്വഹിന്ദുപരിഷത്തും ഹിന്ദുഐക്യവേദിയും ഉള്‍പ്പെടുന്ന പരിവാര്‍ സംഘടനകളെല്ലാം തന്നെ ഉള്‍വലിഞ്ഞ നിലയിലാണ്. ഇതേപ്പറ്റി തെരക്കിയാല്‍ ആര്‍.എസ്.എസ് പഥസഞ്ചലനത്തിനുശേഷം രംഗത്തെത്തുമെന്ന പ്രതികരണമാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയ മണ്ഡലമാണ് കോന്നി. മാത്രമല്ല സംഘപരിവാറിന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലം കൂടിയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today