മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ മലയാളിയായ ജോര്‍ജ് എബ്രഹാം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ് എറണാകുളം വരാപ്പുഴ വിതയത്തില്‍ കുടുംബാംഗമായ ജോര്‍ജ് ജനവിധിതേടുന്നത്.
നേരത്തേ കലീനയില്‍നിന്ന് മൂന്നുതവണ അദ്ദേഹം ബോംബെ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭയിലേക്ക് ആദ്യമായിട്ടാണ് മത്സരിക്കുന്നത്. എയര്‍ ഇന്ത്യ യൂണിയന്‍ നേതാവുകൂടിയാണ് ജോര്‍ജ്. മലയാളിയായ സി.ഡി. ഉമ്മച്ചന്‍ 1980-കളില്‍ ഇവിടെനിന്ന് രണ്ടുതവണ എം.എല്‍.എ.യായിട്ടുണ്ട്. അന്ന് മണ്ഡലത്തിന്റെ പേര് സാന്താക്രൂസ് എന്നായിരുന്നു. ഉമ്മച്ചനുശേഷം അദ്ദേഹത്തിന്റെ ഭാര്യ നാന്‍സി ഉമ്മച്ചന്‍ ഇവിടെനിന്ന് മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. കൊച്ചി സ്വദേശിനി ആനി ശേഖര്‍ കൊളാബാ മണ്ഡലത്തില്‍നിന്ന് എം.എല്‍.എ. ആയതിനുശേഷം മലയാളികള്‍ ആരും നിയമസഭയിലെത്തിയിട്ടില്ല. കലീന-സാന്താക്രൂസ് മേഖലകളിലെ ക്രിസ്ത്യന്‍ വോട്ടുകളും കുര്‍ള മേഖലയില്‍ മുസ്‌ലിംവോട്ടുകളും മണ്ഡലത്തില്‍ വിജയഘടകങ്ങളാണ് .
കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണിത്. 2009-ലാണ് ഒടുവില്‍ കോണ്‍ഗ്രസ് ഇവിടെനിന്ന് വിജയിച്ചത്. മുന്‍മന്ത്രി കൃപാശങ്കര്‍സിങ്ങായിരുന്നു വിജയി. 2014-ല്‍ പ്രമുഖ കക്ഷികള്‍ സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ ശിവസേനയിലെ സഞ്ജയ് പോട്‌നിസ് വിജയിച്ചിരുന്നു.